പാലക്കാട്- സി.പി.ഐ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ച മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയെ അനുനയിപ്പിക്കാനുള്ള ശ്രമം പാളുന്നു, എം.എൽ.എക്ക് പിന്തുണയുമായി കൂടുതൽ പേർ രാജിക്കത്ത് നൽകി. ജില്ലാ നിർവ്വാഹകസമിതിയിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് എം.എൽ.എ കഴിഞ്ഞയാഴ്ച രാജിക്കത്ത് നൽകിയത്. അദ്ദേഹത്തിനു പിന്തുണയുമായി മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ മുപ്പതോളം പേർ ഇതിനകം രാജിക്കത്ത് നൽകിക്കഴിഞ്ഞു. കൂടുതൽ പേർ വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് സൂചന. പാർട്ടി വിഭാഗീയതയിൽ നേരത്തേ കെ.ഇ.ഇസ്മയിലിനൊപ്പം ഉറച്ചു നിന്നിരുന്ന നേതാക്കളാണ് പട്ടാമ്പി എം.എൽ.എക്കൊപ്പം അണി നിരന്നിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ കെ.പി.സുരേഷ്‌രാജ് ആണ് സി.പി.ഐ ജില്ലാ സെക്രട്ടറി. ഇരുപക്ഷത്തോടും സമദൂരം പാലിക്കുന്ന ചില സംസ്ഥാന നേതാക്കൾ ഇടപെട്ട് മുഹ്‌സിനെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ജില്ലയിൽ ഏകപക്ഷീയമായി നടന്നു വരുന്ന അച്ചടക്ക നടപടികൾ പിൻവലിക്കാതെ ഒരു യോജിപ്പിനും തയ്യാറല്ലെന്ന നിലപാടിലാണ് അദ്ദേഹം.
അതേസമയം അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ജില്ലാ കൗൺസിലിൽ നിന്ന് രാജി സമർപ്പിച്ച പതിനൊന്നു പേരിൽ ആറാളുകളുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ നിർവ്വാഹകസമിതി യോഗം അംഗീകരിച്ചു. എം.എൽ.എ രാജിക്കത്ത് നൽകിയത് സംസ്ഥാന കമ്മിറ്റിക്കായതിനാൽ ജില്ലയിൽ അതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും ഉണ്ടാകില്ല. കൂടുതൽ പേരുടെ കാര്യത്തിൽ താമസിയാതെ തീരുമാനമുണ്ടാകും. ജില്ലാ കമ്മിറ്റി അറിയുന്നതിനു മുമ്പ് രാജിക്കാര്യം എങ്ങനെയാണ് മാധ്യമങ്ങളിൽ വാർത്തയായത് എന്നു ചോദിച്ച് മറുപക്ഷത്തെ സമ്മർദ്ദത്തിലാക്കാനും ജില്ലാ നേതൃത്വം ശ്രമം തുടങ്ങി.
ഒത്തുതീർപ്പിനു വഴങ്ങേണ്ടെന്ന നിലപാടിലാണ് എം.എൽ.എയെ അനുകൂലിക്കുന്നവർ. വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നൽകുന്ന ഒരു വിശദീകരണ നോട്ടീസിനും മറുപടി നൽകേണ്ട എന്നാണ് തീരുമാനം. ശനിയാഴ്ച പാർട്ടി ഓഫീസിലെത്തി ജില്ലാ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ഇരുപത്തഞ്ചോളം പേർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ആരും എത്തിയില്ല.
അതേസമയം സാമൂഹ്യമാധ്യമങ്ങളിൽ ഇരുപക്ഷവും ഒളിഞ്ഞും തെളിഞ്ഞും കടന്നാക്രമണം നടത്തുകയാണ്. ഇത് നിയന്ത്രിക്കാനാവാത്തതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.