കൊച്ചി- വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് സർക്കാർ കോടതിയിൽ ഉറപ്പ് നൽകി.
ചിങ്ങവനത്ത് വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച ദീപ്തി മാത്യുവിനെ വാഹനാപകട കേസിൽ പ്രതിയാക്കിയ സബ് ഇൻസ്‌പെക്ടർ അനൂപ് സി. നായരുടെ നടപടി അനുചിതമാണെന്നും കേസന്വേഷണത്തിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെയും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികളെയും അഭിനന്ദിച്ച പോലീസ് പിറ്റെന്ന് ദീപ്തിയെ സ്റ്റേഷനിൽ വിളിച്ച് കേസിൽ പ്രതിയാക്കിയെന്നാണ് ആരോപണം. പരാതിക്കാരുടെ വാഹനം ഇടിച്ചാണ് ബേബി എന്ന വഴിയാത്രക്കാരൻ മരിച്ചതെന്ന് ആരോപിച്ച് വാഹനം പിടിച്ചെടുക്കുകയും യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ദീപ്തി കോടതിയെ സമീപിച്ചത്.
ദീപ്തിയുടെ കാർ അപകടത്തിൽ പെട്ടതിന് തെളിവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. ദീപ്തിയുടെ സഹയാത്രികരുടെ മൊഴികൾ അന്തിമ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ കേസിൽ സാക്ഷിയാക്കേെണ്ടന്ന ഡി.ജി.പിയുടെ സർക്കുലർ നിലവിലുള്ളപ്പോൾ ദീപ്തിക്കെതിരെ കേസെടുത്തത് ഗൗരവതരമാണെന്ന് കോടതി പറഞ്ഞു.