തിരുവനന്തപുരം- ആർ.എസ്.എസ് രൂപീകരിച്ചത് ഭാരതത്തിലെ മുനിമാരോ ആധ്യാത്മിക ആചാര്യൻമാരോ അല്ലെന്നും ബ്രിട്ടീഷുകാരാണെന്നും ഇ.പി.ജയരാജൻ എംഎൽഎ. സെക്രട്ടറിയേറ്റ് പടിക്കൽ എസ.്എഫ.്‌ഐ നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയരാജൻ. ബ്രിട്ടീഷുകാർ ആദ്യം മുസ്‌ലിം ലീഗ് രൂപീകരിച്ചു. അവർ സംഘടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആർ.എസ്.എസിന് രൂപം കൊടുത്തു. അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ അമേരിക്കൻ സാമ്രാജ്യത്വ ശക്തികളാണെന്നും ജയരാജൻ പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആർ.എസ്.എസുകാരാണ്. തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം ആർ.എസ്.എസുകാരെ കുത്തി നിറച്ചു. അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികൾ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നു. ഇതിലേക്കായി ആർ.എസ.്എസിനെയും എസ്.ഡി.പി.ഐയെയും ഉപയോഗിക്കുന്നു. അതിന് സിപിഎമ്മിനെ ഇല്ലാതാക്കണം. അതിനാൽ സിപിഎം പ്രവർത്തകരെ കൊല്ലുന്നു. അഭിമന്യുവിന്റെ കൊലയ്ക്കു പിന്നിലും ഇതാണെന്ന് ജയരാജൻ പറഞ്ഞു.