കൊച്ചി- കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് കേരള ഹൈക്കോടതി. വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോയ്ക്ക് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്നതിന് നിയമ തടസ്സം ഇല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കേന്ദ്രസർക്കാർ അധീനതയിലുള്ള നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി പരാമർശം. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട 1,85,000 രൂപ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ശാഖയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, ഗൂഢാലോചന നടത്തി ഗ്രാമ സേവിക തിരിമറി നടത്തിയെന്നാണ് കേസ്. വിജിലൻസ് കോട്ടയം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി. ഔദ്യോഗിക കൃത്യവിലോപം, കുറ്റകരമായ ഗൂഢാലോചന, ചതിക്കൽ, ചതിക്കുന്നതിനുള്ള വ്യാജരേഖ നിർമ്മാണം, വ്യാജരേഖ യഥാർത്ഥമെന്നപോലെ ഉപയോഗിക്കൽ, രേഖകൾ നശിപ്പിക്കൽ, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകൾ പ്രകാരം കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു.
കേന്ദ്രസർക്കാർ നിയന്ത്രണത്തിലുമുള്ള നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ജീവനക്കാരായ രണ്ടു മുതൽ നാലു വരെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിനും സംസ്ഥാന വിജിലൻസിന് നിയമപരമായ അധികാരം ഇല്ലെന്നും കേന്ദ്ര ഏജൻസിയായ സിബിഐക്ക് മാത്രമേ അധികാരമുള്ളൂ എന്നും കാണിച്ച് ബാങ്ക് ജീവനക്കാർ കോട്ടയം വിജിലൻസ് സ്പെഷ്യൽ കോടതിയിൽ വിടുതൽ ഹർജി ഫയൽ ചെയ്തിരുന്നു.
പ്രതികളുടെ വാദം ശരി വെച്ച് വിജിലൻസ് സ്പെഷ്യൽ കോടതി ബാങ്ക് ജീവനക്കാരായ പ്രതികളെ കേസിൽ നിന്ന് ഒഴിവാക്കി. ഈ ഉത്തരവിനെതിരെ വിജിലൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ കേസിൽ നിന്നും ഒഴിവാക്കിയുള്ള വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവ് റദ്ദാക്കി പ്രതികളോട് വിചാരണ നേരിടാൻ ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് ഉത്തരവിട്ടു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരുടെയും അഴിമതിക്കും കൃത്യവിലോപത്തിനും എതിരെ നടപടി എടുക്കുക എന്നതാണ് സംസ്ഥാന വിജിലൻസിന്റെ ചുമതല എന്നും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും എതിരെയുള്ള കേസുകൾ സിബിഐ യെയോ മറ്റു ബന്ധപ്പെട്ട ഏജൻസികളെയോ അറിയിക്കേണ്ട ചുമതല മാത്രമേ സംസ്ഥാന വിജിലൻസിന് ഉള്ളൂ എന്നുമാണ് വിജിലൻസ് മാനുവലിലെ മാർഗ്ഗനിർദ്ദേശം. ഇതുപ്രകാരമാണ് ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി 2016ൽ കേരള ഹൈക്കോടതി ഉത്തരവിറക്കിയത്.
എന്നാൽ നിയമപരമായി ഉത്തരവ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അഴിമതി നിരോധന നിയമത്തിനും ക്രിമിനൽ നടപടി നിയമത്തിനും വിധേയമാണ് വിജിലൻസ് പ്രവർത്തിക്കേണ്ടത് എന്നും വിജിലൻസ് മാനുവൽ കേസന്വേഷണത്തിനുള്ള മാർഗനിർദേശം മാത്രമാണെന്നും ഹൈക്കോടതി വിലയിരുത്തി. വിജിലൻസിന് വേണ്ടി സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡർ എ രാജേഷ്, സീനിയർ ഗവൺമെന്റ് പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി