Sorry, you need to enable JavaScript to visit this website.

മുഈനലി തങ്ങളിലേക്കുള്ള ചൂണ്ട ഉപേക്ഷിച്ചു; അഡ്വ. എം.കെ സക്കീർ വഖഫ് ബോർഡ് ചെയർമാനാകും

തിരുവനന്തപുരം - വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും രാജിവെച്ച മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.കെ ഹംസയുടെ ഒഴിവിലേക്ക് പി.എസ്.സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീറിനെ ഉടൻ നിയമിക്കും. അഡ്വ. സക്കീറിനെ വഖഫ് ബോർഡ് അംഗമാക്കി സർക്കാർ ഉത്തരവിറക്കിയത് ഇതിന്റെ ആദ്യ പടിയാണ്. വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി ഇദ്ദേഹം ഉടനെ നിയമിക്കപ്പെടും.
  യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനാണെങ്കിലും പാണക്കാട് തറവാട്ടിൽനിന്ന് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങളിലൂടെ പലപ്പോഴും തലവേദനയുണ്ടാക്കാറുള്ള പാണക്കാട് മുഈനലി തങ്ങളിലേക്ക് സി.പി.എമ്മിലെ ചിലർ ചരടുകൾ നീട്ടിയെങ്കിലും സി.പി.എം നേതൃത്വം പ്രസ്തുത നീക്കം ഉപേക്ഷിക്കുകയായിരുന്നു. സമസ്തയിലും ലീഗിലുമെല്ലാം മുഈനലി തങ്ങളുടെ ചില നിലപാടുകളോട് യോജിപ്പുള്ളവർ ഉണ്ടെന്നിരിക്കെ, മുഈനലി തങ്ങളെ നിയമിക്കുന്നത് രാഷ്ട്രീയ നേട്ടമാക്കാമെന്നായിരുന്നു ചില സി.പി.എം നേതാക്കൾ നേതൃത്വത്തെ ധരിപ്പിച്ചത്. എന്നാൽ, പ്രസ്തുത നീക്കത്തിന് പൂർണ സ്വീകാര്യത ലഭിക്കാതെ വന്നതോടെയാണ് നിയമ വിദഗ്ധനും മുൻ പി.എസ്.സി ചെയർമാനും കൂടിയായ അഡ്വ. എം.കെ സക്കീറിലേക്ക് കാര്യങ്ങൾ ഐക്യകണ്‌ഠേന എത്തിയത്.
 മലപ്പുറം ജില്ലയിലെ പൊന്നാനി പെരുമ്പടപ്പ് സ്വദേശിയായ സക്കീർ 2016-ലാണ് പി.എസ്.സി ചെയർമാനായി നിയമിക്കപ്പെട്ടത്. മുംബൈ ഗവ. ലോ കോളജിൽനിന്ന് എൽ.എൽ.ബി ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി 1990-ൽ തൃശൂർ ബാറിൽ അഭിഭാഷകനായാണ് അദ്ദേഹം പ്രവർത്തനമാരംഭിച്ചത്. 2006-11 കാലയളവിൽ തൃശൂർ കോടതിയിൽ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു. 2011 മുതൽ 2016 വരെ കേരള പി.എസ്.സി അംഗമായും 2022 ഒക്ടോബർ വരെ ചെയർമാനായും പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്. പെരുമ്പടപ്പ് സ്വരൂപത്തിൽ പരേതരായ ബാവക്കുട്ടി-സാറു ദമ്പതികളുടെ മകനാണ്. അധ്യാപികയായ ലിസിയാണു ഭാര്യ. നികിത, അജീസ് എന്നിവർ മക്കളാണ്.
 മന്ത്രിതല യോഗങ്ങളിൽ ചെയർമാൻ പങ്കെടുക്കാത്തത് വാർത്തയായതിന് പിന്നാലെ ഒന്നരവർഷത്തെ കാലാവധി ബാക്കിനിൽക്കെ, ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി, പാർട്ടി തീരുമാനപ്രകാരം ആഗസ്ത് ഒന്നിനാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ടി.കെ ഹംസ രാജിവെച്ചത്. പരിചയസമ്പന്നനായ സക്കീറിലൂടെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് വഖഫ് ബോർഡും സർക്കാറും.

Latest News