തിരുവനന്തപുരം- മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എസ്.ഹരീഷിന്റെ മീശ എന്ന നോവൽ കേരളത്തിലെ ഹൈന്ദവ സ്ത്രീസമൂഹത്തെ മൊത്തത്തിലും ബ്രാഹ്മണ സമൂഹത്തെ പ്രത്യേകിച്ചും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പ്രതിഷേധം. യോഗക്ഷേമസഭ, അഖില കേരള തന്ത്രിമണ്ഡലം, ശാന്തിക്ഷേമ യൂണിയൻ, ബ്രാഹ്മണ സഭ, മാധ്വ ബ്രാഹ്മണസഭ, അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ തിരുവനന്തപുരം മാതൃഭൂമി ഓഫീസിലേക്ക് മാർച്ച് നടത്തി. യോഗക്ഷേമ വനിതാസഭ സംസ്ഥാന പ്രസിഡന്റ് സോയ ടീച്ചർ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഹൈന്ദവ സമൂഹം അക്രമത്തിന്റെ മാർഗം സ്വീകരിക്കാതെ സമാധാനത്തിന്റെയും സംയമനത്തിന്റെയും പാതയിലൂടെ മുന്നോട്ടു പോകുമ്പോൾ എന്തും പറയാമെന്നാണോ കരുതുന്നതെന്ന് അവർ ചോദിച്ചു. ഇത്തരം നീക്കങ്ങൾക്കു പിന്നിൽ വൻശക്തികളും വിദേശത്തുനിന്നുള്ള സാമ്പത്തിക സ്രോതസ്സുമുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീസമൂഹത്തെ അപമാനിക്കുന്നതിന് കാരണം ഇത്തരക്കാരുടെ കുടുംബ പശ്ചാത്തലവും വളർന്ന സാഹചര്യവുമാണെന്നും അവർ പറഞ്ഞു. മാതൃഭൂമി കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും സോയ ടീച്ചർ ആവശ്യപ്പെട്ടു.
അമ്മയും പെങ്ങളും ഭാര്യയുമൊക്കെ ഉടുത്തൊരുങ്ങി അമ്പലത്തിലേക്കു പോകുന്നത് മറ്റെന്തിനോ ആണെന്ന രീതിയിൽ വ്യാഖ്യാനിച്ച ഹരീഷിന്റെ മാനസിക നില പരിശോധിക്കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാധാകൃഷ്ണൻ നമ്പൂതിരി ആവശ്യപ്പെട്ടു. ഇയാൾക്കു കൊടുത്ത അവാർഡ് സർക്കാർ തിരിച്ചുവാങ്ങണം. ഈ സമരം സൂചന മാത്രമാണ്. അടുത്തയാഴ്ച മാതൃഭൂമി പ്രസിദ്ധീകരണങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ഹിന്ദു ഭവനങ്ങൾ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ നമ്പൂതിരി, അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ആർ.നമ്പൂതിരി, ശാന്തിക്ഷേമ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.കുമാരൻ, ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് എച്ച്. ഗണേശ്, മാധ്വ ബ്രാഹ്മണസഭയെ പ്രതിനിധീകരിച്ച് അഡ്വ.ശ്രീ, അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മണി എസ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരൻ, കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാൽ എന്നിവർ സംസാരിച്ചു. ജനറൽ ആശുപത്രി ജങ്ഷനിൽനിന്നാരംഭിച്ച മാർച്ച് മാതൃഭൂമി ഓഫീസിന് സമീപം പോലീസ് തടഞ്ഞു.
.