ഇടുക്കി - നെടുങ്കണ്ടത്തെ തൂവൽ വെള്ളച്ചാട്ടത്തിന് സമീപത്തെ ജലാശയത്തിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിയെയും പഌസ് വൺ വിദ്യാർത്ഥിനിയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരും കാൽവഴുതി അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അനില കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പഌസ് വൺ വിദ്യാർത്ഥിനിയും സെബിൻ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തൂവൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. വൈകിട്ട് പെൺകുട്ടി തിരികെ എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. വൈകിട്ട് ആറോടെ വെള്ളച്ചാട്ടത്തിന് സമീപത്തായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപത്തായി നടത്തിയ തെരച്ചിലിൽ വിദ്യാർത്ഥികളുടെ ചെരിപ്പുകൾ കണ്ടെത്തി. പിന്നാലെ നെടുങ്കണ്ടത്തുനിന്ന് അഗ്‌നിരക്ഷാ സേനയെത്തി നടത്തിയ പരിശോധനയിൽ രാത്രി പന്ത്രണ്ടുമണിയോടെ മൃതദേഹങ്ങൾളും കണ്ടെടുക്കുകയായിരുന്നു.
മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി നെടുങ്കണ്ടം പോലീസ് പറഞ്ഞു.