പത്തനംതിട്ട- കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതി ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പിലും ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്നേഹയെയാണ് (25) അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് യുവതി. പുളിക്കീഴ് സിഐ ഇ.അജീബ്, എഎസ്ഐ സതീഷ് കുമാര്‍, പ്രാബോധചന്ദ്രന്‍, സദാശിവന്‍, മനോജ്, മിത്ര വി.മുരളി, ജോയ്‌സ് തോമസ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എയര്‍ എംബോളിസത്തിലൂടെ മരണം സംഭവിക്കാമെന്ന അറിവോടെ അനുഷ പ്രവര്‍ത്തിച്ചെന്ന ആരോപണമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വൈദ്യശാസ്ത്രപരമായി അറിവുള്ള, ഡി ഫാം കോഴ്‌സ് പഠിച്ചിട്ടുള്ളയാളാണ് അനുഷ എന്നത് ഇതിനുള്ള പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നഴ്‌സെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയില്‍ കടന്നാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. അനുഷയും സ്‌നേഹയുടെ ഭര്‍ത്താവും തമ്മിലുള്ള അടുപ്പമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുല്ലൂക്കുളങ്ങര സ്വദേശിയായ അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. അരുണ്‍ തന്നില്‍നിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അനുഷ പോലീസിനു നല്‍കിയ മൊഴി. ആദ്യ വിവാഹം വേര്‍പെടുത്തിയശേഷം വീണ്ടും കല്യാണം കഴിച്ച അനുഷയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തു. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ വാട്സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പോലീസ് പരിശോധിച്ചു. കോളജ് പഠനകാലം മുതല്‍ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ത്തന്നെ അരുണിനൊപ്പം ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു.
പ്രസവശേഷം പരുമലയിലെ സ്വകാര്യ ആശുപത്രി മുറിയില്‍ വിശ്രമിക്കുകയായിരുന്ന സ്നേഹയെ, കുത്തിവയ്പ് എടുക്കാനെന്ന വ്യാജേന നഴ്സിന്റെ വേഷത്തിലെത്തിയാണ് സിറിഞ്ചിലൂടെ വായു കുത്തിവച്ചു കൊലപ്പെടുത്താന്‍ അനുഷ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ സ്നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പുളിക്കീഴ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും സുരക്ഷ മുന്‍നിര്‍ത്തി സ്നേഹയെ ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു.
പ്രസവത്തിനായി ഒരാഴ്ച മുമ്പാണ് സ്നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയിരുന്നു. നിറവ്യത്യാസം ഉള്ളതിനാല്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തില്ല. ഇതോടെ സ്നേഹയും അമ്മയും റൂമില്‍ തങ്ങുകയായിരുന്നു.
സ്നേഹയെ കൊലപ്പെടുത്താനുള്ള അനുഷയുടെ ശ്രമം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന എയര്‍ എമ്പോളിസത്തെക്കുറിച്ച് അനുഷയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. രക്തചംക്രമണ വ്യവസ്ഥയില്‍ വായു കടന്നാല്‍ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷ ഇത്തരം മാര്‍ഗം അവലംബിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇതുവഴി ശ്വാസകോശം അമിതമായി വികസിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം അനുഷയ്ക്ക് അറിയാമായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു