കോഴിക്കോട് - ഒരു വർഗീയ വാദിയുടെയും വോട്ട് കോൺഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു വിഷയം വീണുകിട്ടാൻ വർഗീയ വാദികൾ കാത്തിരിക്കുകയാണെന്നും ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് അവരുടെ ശ്രമമെന്നും സതീശൻ ചൂണ്ടിക്കാട്ടി. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് തടയുമെന്നും സതീശൻ വ്യക്തമാക്കി.
ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. മിത്ത് പരാമർശം വർഗീയവാദികൾക്ക് ആയുധം നൽകി. ചിലർ അത് ആളിക്കത്തിച്ചു. വിശ്വാസങ്ങളെ അവരവർക്ക് വിടുക എന്നതാണ് കോൺഗ്രസ് നിലപാട്. മതപരമായ വിശ്വാസങ്ങളെ ശാസ്ത്രവുമായി കൂട്ടി കേട്ടേണ്ടതില്ല. അത്ഭുതങ്ങളിൽ എല്ലാ മതങ്ങളും വിശ്വസിക്കുന്നുണ്ട്. വർഗീയ വാദികൾക്ക് ആയുധം കൊടുക്കുന്നവരെ സൂക്ഷിക്കണമെന്നും സതീശൻ കൂട്ടിചേർത്തൂ.
'ഏക സിവിൽ കോഡിനെയും മണിപ്പൂർ വംശഹത്യയെയും ചെറുക്കുക' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി 'രാജീവ്ഗാന്ധി നഗറി'ൽ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിനും അരക്ഷിതത്വമുണ്ട്. രാജ്യത്ത് എവിടെ അസ്വസ്ഥയും അരക്ഷിതത്വവും ഉണ്ടായാലും എല്ലാ ജനങ്ങളെയും ബാധിക്കും. മതവിശ്വാസം മുറുകെപിടിച്ച് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്കയാണ് അരക്ഷിത്വത്തിലേക്ക് നയിക്കുന്നത്. അത്തരം തോന്നലുകളെ അകറ്റി എല്ലാവരെയും ചേർത്തു പിടിക്കാൻ കോൺഗ്രസുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കെ. മുരളീധരൻ എംപി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, എം. കെ രാഘവൻ എംപി, ഇ. ടി മുഹമ്മദ് ബഷീർ എംപി, വിവിധ മതസാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, അബ്ദുൽ ഹഖിം അസ്ഹരി (കാന്തപുരം വിഭാഗം), ഫാ. ഷിബു ജോസഫ് കളരിക്കൽ (താമരശ്ശേരി രൂപത), ടി .പി അബ്ദുള്ളക്കോയ മദനി (കെഎൻഎം), ബ്രഹ്‌മശ്രീ ശംഭു നമ്പൂതിരി (ശബരിമല മാളികപ്പുറം മുൻ മേൽശാന്തി), ഫ്രാൻസിസ് ജോർജ് (മുൻ എംപി) എം.ഐ അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), ഐയുഎംഎൽ സംസ്ഥാന സെക്രട്ടറി പി .എം.എ സലാം, അഡ്വ.ഗോവിന്ദ് ചന്ദ്രശേഖർ (സാമൂതിരിയുടെ പ്രതിനിധി), ഫാ. ജെൻസൺ പുത്തൻവീട്ടിൽ (കോഴിക്കോട് ബിഷപ്പ് പ്രതിനിധി), ഡോ. ഐ.പി അബ്ദുൽസലാം സുല്ലമി (മർക്കസ്സുദ അ്വ), ഡോ. അബ്ദുൽ ഗഫൂർ (എംഇഎസ്), ഡോ. റെജി അലക്സ് (ഓർത്തഡോക്സ് സഭ), സണ്ണി എം. കപിക്കാട്, റവ. രാജു ചീരാൻ(സിഎസ്ഐ), എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, പി. സുരേന്ദ്രൻ, യു.കെ കുമാരൻ, എ. സജീവൻ, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു, സുഹറ മമ്പാട്, ഹമീദ് വാണിയമ്പലം, ഡോ.ഹുസൈൻ മടവൂർ, ഖാസി മുൽ ഖാസിമി, നാസർ ഫൈസി കൂടത്തായി എന്നിവർ സംസാരിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് മണിപ്പൂർ ഐക്യദാർഢ്യ പ്രമേയ അവതരണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.കെ. ജയന്ത് ഏക സിവിൽ കോഡ് വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ സ്വാഗതവും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് നന്ദിയും രേഖപ്പെടുത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ എംപി, ഡോ. പി. ഉണ്ണീൻ, എംഎൽഎമാരായ റോജി എം. എം ജോൺ, എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി സജീന്ദ്രൻ, വി.ടി ബൽറാം, ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ബി.എ അബ്ദുൾ മുത്തലിബ്, എ.എ ഷുക്കൂർ, പഴകുളം മധു, സോണി സെബാസ്റ്റ്യൻ, ആലിപ്പറ്റ ജമീല, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റുമാരായ വി.എസ് ജോയ,് എൻ.ഡി അപ്പച്ചൻ, എ. തങ്കപ്പൻ, പി .കെ ഫൈസൽ, സി. ചന്ദ്രൻ, മുഹമ്മദ് ഷിയാസ് ,പി.എസ് സലിം, ജി .എസ് ബാബു, വിദ്യാബാലകൃഷ്ണൻ, കെ.എം അഭിജിത്ത്, പി. വി ഗംഗാധരൻ, അഡ്വ.ഷഹീർ സിങ്, ഉമ്മർ പാണ്ടികശാല, സി.എൻ വിജയകൃഷ്ണൻ, പാറക്കൽ അബ്ദുല്ല, ടി.ടി ഇസ്മായിൽ, പി.എം ജോർജ്ജ്, അഷ്റഫ് മണക്കടവ,് ഡോ. കെ. മൊയ്തു തുടങ്ങിയവരും സംബന്ധിച്ചു.