കോഴിക്കോട് - ഒരു വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണ്, ജീവിച്ചിരിക്കുന്ന ഒരു മുൻ മുഖ്യമന്ത്രി വ്യക്തി ഹത്യയിലൂടെ ഉമ്മൻ ചാണ്ടിയോട് കാണിച്ചതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിളള പറഞ്ഞു. ആറ്റക്കോയ പള്ളിക്കണ്ടിയുടെ ഈന്തപ്പഴത്തിന്റെ സുഗന്ധം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികൾ പോലും വലിയ തെറ്റായി കണ്ട കാര്യങ്ങളിലൊന്നാണ് വ്യക്തിഹത്യ. ഒരു വ്യക്തിയെ അപ്പാടെ ഇല്ലാതാക്കുവാൻ ഏറ്റവും നല്ല മാർഗമാണ് അയാളെ ഇങ്ങനെ നാണം കെടുത്തുകയെന്നത്. അതിന് ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് പൊതുപ്രവർത്തകർ ഏറെ പഠിക്കുകയാണ് വേണ്ടത്. ജനങ്ങളെക്കാൾ താഴെയാണ് താൻ എന്നത് മനസ്സിലാക്കി അദ്ദേഹം പ്രവർത്തിച്ചു. ഇതാണ് ആളുകൾ അത്രത്തോളം അദ്ദേഹത്തെ സ്‌നേഹിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ജില്ലാ സബ് ജഡ്ജ് എം.പി.ഷൈജൽ പുസ്തകം ഏറ്റുവാങ്ങി. മേയർ ബീനാഫിലിപ്പ്, മുഹ്യുദ്ദീൻ മദനി, എ.പി കുഞ്ഞാമു, പ്രൊഫ. വർഗീസ് മാത്യൂ , ഡോ. എം.എം. കുഞ്ഞു, പ്രൊഫ.വി. വേണുഗോപാൽ, മൻസൂർ പള്ളൂർ, ഒ അശോക് കുമാർ, എൻ. പി. അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി മറുപടി പ്രസഗം നടത്തി. പ്രൊഫ. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. മുരളീ ബേപ്പൂർ സ്വാഗതവും എസ്.എം. രാജേഷ് നന്ദിയും പറഞ്ഞു. കണ്ണൂരിലെ കൈരളി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.