ആലപ്പുഴ-ആശുപത്രിയിൽ പ്രസവിച്ചു കിടന്ന മകൾ സ്‌നേഹയെ നഴ്‌സിന്റെ വേഷത്തിൽ എത്തി കുത്തിവയ്പ്പിലൂടെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മരുമകനെ സംശയമില്ലെന്ന് സ്‌നേഹയുടെ അച്ഛൻ സുരേഷ്. ഭാര്യ കണ്ടതു കൊണ്ടു മാത്രമാണ് മകൾ രക്ഷപ്പെട്ടത്. എങ്ങനെയാണ് പ്രതിയായ അനുഷ റൂമിലെത്തിയതെന്ന് അറിയില്ലെന്നും സുരേഷ് പറഞ്ഞു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ശേഷം കിടക്കുന്നതിനിടെ നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്താനെത്തിയ പ്രതി കായംകുളം കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ(25) പിടിയിലായ സാഹചര്യത്തിലാണ് സുരേഷിന്റെ പ്രതികരണം. സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ മുൻ കാമുകിയാണ് അനുഷ. തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അനുഷയോട് ആശുപത്രിയിൽ വന്നുകാണാനും പറഞ്ഞു. എന്നാൽ അരുൺ ഇല്ലാത്ത സമയത്താണ് ആശുപത്രിയിൽ എത്തിയത്. മുമ്പ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്‌ക് വച്ചിരുന്നതിനാൽ മനസിലായില്ലെന്നും പിതാവ് പറഞ്ഞു. നഴ്‌സിന്റെ ഓവർകോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്.റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്‌പ്പെടുക്കാൻ നിർബന്ധിച്ചു. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് അവളുടെ അമ്മ ചോദിച്ചു.ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തിയാണ് അനുഷയെ പിടിച്ചുമാറ്റിയത്.
കൊല്ലാൻ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയെന്ന് അനുഷയുടെ മൊഴി
ആലപ്പുഴ-യുവതിയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പോലീസിൽ മൊഴി നൽകി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പോലീസിനു ലഭിച്ചു. നഴ്‌സിന്റെ വേഷത്തിലെത്തിയതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പോലീസ് വ്യക്തമാക്കി. രണ്ടുതവണ വിവാഹിതയായ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഭർത്താവ് അരുണിന്റെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്. എയർ എംപോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയർ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ്. പ്രതിയെ കായംകുളം പുല്ലുകുളങ്ങര ലക്ഷ്മി മെഡിക്കൽ ഷോപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തി.
സ്‌നേഹയെ കൊല്ലാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സ്‌നേഹയുടെ ഭർത്താവ് അരുണിനെ പുളിക്കീഴ് പോലീസ് ചോദ്യം ചെയ്തു. കൃത്യത്തിൽ അരുണിന് ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടോ എന്ന് അറിയാൻ നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രി അധികൃതർ അനുഷയെ പിടികൂടിയപ്പോൾ കയ്യിലുണ്ടായിരുന്ന മൊബൈലിൽ അയച്ച മെസ്സേജുകൾ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി അനുഷയുടെയും അരുണിന്റെയും ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.