കൊച്ചി- മുളവുകാട് ബോള്‍ഗാട്ടി ജംഗ്ഷനില്‍ മദ്യലഹരിയില്‍ പോലിസിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. എറണാകുളം എളമക്കര എസ്. എന്‍. ഡി. പി റോഡില്‍ ദയ മന്‍സിലില്‍ മുഹമ്മദ് റല്‍ഹ (30)നാണ് പോലീസിനെ ആക്രമിച്ചതിന് മുളവുകാട് പോലീസിന്റെ പിടിയിലായത്.
നൈറ്റ് പട്രോളിങ്ങിനു ഇറങ്ങിയ പോലീസ് സംഘം പുലര്‍ച്ചെ 4.20ന് ബോള്‍ഗാട്ടി ജംഗ്ഷനില്‍ അതിവേഗതയില്‍ ഓടിച്ചുവന്ന കാര്‍ പോലീസ് ബാരിക്കേഡില്‍ ഇടിച്ചു നില്‍ക്കുന്നത് കണ്ടു ചെന്ന് നോക്കിയപ്പോള്‍ വാഹനം ഓഫ് ചെയ്യാതെ സീറ്റില്‍ ചാരിയിരിക്കുന്ന റല്‍ഹാനെയാണ് കണ്ടത്. പല പ്രാവശ്യം വിളിച്ചു നോക്കിയിട്ടും ഡോര്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്സിനെ വിളിച്ച് ഗ്ലാസ് പൊട്ടിച്ചാണ് റല്‍ഹാനെ പുറത്തെടുത്തത്.
പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് വിലാസം ചോദിച്ചതില്‍ പ്രകോപിതനായി മുളവുകാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ അലോഷ്യസിനെ ആക്രമിക്കുകയായിരുന്നു.
അലോഷ്യസിന്റെ കഴുത്തിലും മുഖത്തും സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമാസക്തനായ പ്രതിയെ സഹസികമായാണ് കീഴടക്കിയത്. തുടര്‍ന്ന് പോലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും റല്‍ഹാന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.