Sorry, you need to enable JavaScript to visit this website.

എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് ചേരുന്നു, സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കും

കോട്ടയം - സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ എന്‍.എസ്.എസ് കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനിടെ ഞായറാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ശ്രദ്ധേയമാവുന്നു. മിത്ത് വിവാദത്തിലെ എന്‍.എസ്.എസ് നിലപാട് യോഗം വിശദമായി ചര്‍ച്ച ചെയ്യും. അതിനിടെ ഞായറാഴ്ച സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കോട്ടയത്ത് എത്തുന്നുണ്ട്. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയും പള്ളിയിലെ അന്ത്യവിശ്രമസ്ഥലവും സന്ദര്‍ശിക്കാനാണ് സ്പീക്കര്‍ എത്തുന്നത്. മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കാണുന്നുണ്ട്. എന്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയിലേക്ക് വിവാദ പരാമര്‍ശത്തിനു ശേഷം ആദ്യമായാണ് സ്പീക്കര്‍ എത്തുന്നത്.
 
ഞായറാഴ്ച രാവിലെ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലാണ് യോഗം. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ ഷംസീറിനെതിരെ ഉറച്ച നിലപാടുമായി എന്‍.എസ്.എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ്  യോഗം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മിത്ത് വിവാദ നിലപാടില്‍  പിന്നോട്ട് പോയെങ്കിലും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രസ്താവന തിരുത്തിയിട്ടില്ല. സി.പി.എം കേന്ദ്രകമ്മിറ്റി സ്പീക്കറുടെ പ്രസംഗത്തില്‍ തെറ്റില്ലെന്ന് വിലയിരുത്തിയതോടെ സി.പി.എം അതില്‍ തിരുത്തല്‍ വരുത്തില്ലെന്നത് വ്യക്തമാകുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ എന്‍.എസ്.എസ് ആരാഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കിയില്ല. പക്ഷേ തിരുവനന്തപുരത്ത് ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ ഷംസീറിനു നല്‍കിയ പിന്തുണയായാണ് എന്‍.എസ്.എസ് കാണുന്നത്. വിവാദത്തില്‍ സര്‍ക്കാര്‍ സ്പീക്കര്‍ക്കൊപ്പമാണെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു. ഇതോടെയാണ് ഭാവി പരിപാടി തീരുമാനിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചത്. നാമജപയാത്രക്കെതിരെ കേസ് എടുത്തതിന് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്പീക്കര്‍ക്കെതിരെയും കോടതിയെ സമീപിക്കാന്‍ ആലോചനയുണ്ട്. ഇതും യോഗത്തില്‍ ചര്‍ച്ചയാവും.

ശബരിമല വിഷയത്തിലും ഇതുപോലെ ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചിരുന്നു. ഹൈന്ദവ വിശ്വാസത്തിനും ആചാരത്തിനും എതിരെ ഉയരുന്ന ഏതു വെല്ലുവിളിക്കും എതിരെ പ്രതികരിക്കാനും മറ്റു നടപടികള്‍ സ്വീകരിക്കാനും അന്ന് യോഗം അംഗീകാരം നല്‍കിയിരുന്നു. ഷംസീര്‍ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്ന എന്‍.എസ്.എസിന് കോണ്‍ഗ്രസിലും ബി.ജെ.പിയിലുംനിന്നു പിന്തുണ ലഭിച്ചത് സംഘടനയുടെ നിലപാടിനുളള അംഗീകാരമായാണ് എന്‍.എസ്.എസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ മന്നം ജയന്തിയിലെ അതിഥിയായിരുന്ന ശശി തരൂരും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിലെ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെയുളള കേസ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യത്തിലുളള പ്രതിഷേധവും യോഗത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സൂചന. ഗണപതി പരാമര്‍ശത്തില്‍ നടപടിയുണ്ടാകുംവരെ പിന്നോട്ട് പോകേണ്ടെന്നാണ്് സംഘടനയിലെ പൊതുവികാരം.
അതിനിടെ, മിത്ത് വിവാദത്തില്‍ ആരും ഒന്നും തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കണ്ണൂരില്‍ പറഞ്ഞു. ഷംസീര്‍ പറഞ്ഞ കാര്യങ്ങളില്‍ യാതൊരു തെറ്റും ഇല്ല. ഒരു മതത്തേയും വിശ്വാസത്തേയും അദ്ദേഹം വ്രണപ്പെടുത്തിയിട്ടില്ല. പറഞ്ഞത് ആരും തിരുത്തിയിട്ടുമില്ല.
സ്പീക്കര്‍ മതവിശ്വാസത്തിനെതിരെ പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചതാണ്. ഇപ്പോള്‍ നടക്കുന്ന വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. സ്പീക്കറുടെ പേര് നാഥുറാം വിനായക് ഗോഡ്‌സേ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ പോയി കെട്ടിപ്പിടിച്ചേനെ. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇത് നല്ല അവസരമാണിതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞ കാര്യം പുറത്തുവന്നതാണെന്ന് മന്ത്രി പറഞ്ഞു.

 

 

Latest News