പത്തനംതിട്ട- മാന്നാർ പരുമല ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ, നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ ഏറെ ആസൂത്രണമെന്ന് പോലീസ്. കായംകുളംപുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കായംകുളം കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ അനുഷയുമായി (30) പോലീസ് തെളിവെടുപ്പ് നടത്തി. നഴ്‌സിംഗ് ഓവർക്കോട്ടു വാങ്ങിയ കായംകുളത്തെ കടയിൽ കൊണ്ടുപോയാണ് ആദ്യ തെളിവെടുപ്പു നടത്തിയത്. ഇതിനുശേഷം പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ച അനുഷയെ തിരുവല്ല ഡിവൈഎസ്പി ഓഫിസിലെത്തിച്ച് വിരലടയാളം ഉൾപ്പെടെ ശേഖരിച്ചു. ശനിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ അനുഷയെ റിമാൻഡു ചെയ്തു. കായംകുളത്തെ കടയിൽനിന്നു നഴ്‌സിംഗ് ഓവർകോട്ടും പുല്ലുകുളങ്ങരയിലെ കടയിൽനിന്നു സിറിഞ്ചും വാങ്ങിയിരുന്നു. ഫാർമസി പഠനം പൂർത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി സംബന്ധിച്ചുള്ള കാര്യങ്ങൾ ബോധ്യമുണ്ടന്ന് തിരുവല്ല ഡിവൈ.എസ്.പി ആർ.അർഷാദ് പറഞ്ഞു. നിലവിൽ അനുഷ മാത്രമാണ് കേസിലെ പ്രതിയെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. അനുഷയും സ്‌നേഹയുടെ ഭർത്താവ് അരുണും തമ്മിൽ സ്‌നേഹബന്ധമുണ്ടായിരുന്നു. മറ്റു തരത്തിലുള്ള സൗഹൃദമുണ്ടായിരുന്നോയെന്ന് അന്വേഷിച്ചു വരുകയാണ്. ഇരുവരുടെയും വാട്‌സാപ് ചാറ്റുകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കും. നിലവിൽ അരുണിനെ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകൾ ലഭിച്ചിട്ടില്ല. ഡിവൈ.എസ്.പി പറഞ്ഞു. അരുണിനൊപ്പം ജീവിക്കാനും അയാളോട് തന്റെ സ്നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാനും വേണ്ടിയാണ് ഭാര്യ സ്നേഹയെ കൊല്ലാനുള്ള ശ്രമം നടത്തിയതെന്നാണ് വധശ്രമക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള അനുഷയുടെ മൊഴി. സ്നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിലൂടെ താൻ എത്രമാത്രം അയാളെ സ്നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
വെള്ളിയാഴ്ചവൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിന്റെ വേഷം ധരിച്ച് കരിയിലക്കുളങ്ങര സ്വദേശി അനുഷ(25) എത്തിയത്. പുല്ലുകുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യെ ധമനിയിലൂടെ സിറിഞ്ച് ഉപയോഗിച്ച് വായു കടത്തി വിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും സ്നേഹയുടെ അമ്മയും ചേർന്ന് ഇവരെ പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ ഒത്തുതീർപ്പു ശ്രമങ്ങൾ നടന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം ചെയ്ത യുവതിയെ കേസെടുക്കാതെ വിടുന്നതിൽ അപകടം മണത്ത പോലീസ് അവസാനം ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് വധശ്രമത്തിന് സ്നേഹയെ അർധരാത്രിയോടെ അറസ്റ്റു ചെയ്തു.
കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി വർഷങ്ങളുടെ പരിചയമുണ്ട്. അനുഷയുടെ ആദ്യ വിവാഹം വേർപെട്ടതാണ്. ഇപ്പോഴുള്ള ഭർത്താവ് വിദേശത്താണ്. നാട്ടിൽ അരുണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് അനുഷയുടെ മൊഴി. ഇരുവരും നിരന്തരം നേരിലും ഫോണിലും ബന്ധപ്പെട്ടിരുന്നു. അരുണുമായുള്ള വാട്സാപ്പ് ചാറ്റുകളും അനുഷയുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അരുണിന് ഈ സംഭവവുമായി ബന്ധമില്ലന്ന് കരുതുന്നതായി സ്‌നേഹയുടെ പിതാവ് പറഞ്ഞു. ആദ്യ വിവാഹം വേർപെട്ടപ്പോൾ തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷയുടെ മൊഴി. തന്റെ സ്നേഹം അരുണിനെ അറിയിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരമൊരു നാടകം കളിച്ചത് എന്നും അവർ പറയുന്നു.
അതേസമയം, അനുഷയുടെ പ്രവൃത്തിയിൽ ബാഹ്യഇടപെടൽ സംശയിക്കുന്നു. എയർ എംബോളിസം വഴി ആളെ കൊല്ലാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷയുടെ മൊഴി. പക്ഷേ, ഇത് വിശ്വസനീയമല്ല. ഫാർമസിസ്റ്റിന് മനുഷ്യ ശരീത്തിലെ ഞരമ്പുകളുടെ പ്രവർത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാൻ കഴിയില്ല. അതു മാത്രമല്ല, ഇഞ്ചക്ഷൻ എടുക്കുന്നതിന് പരിശീലനവും കിട്ടിയിട്ടില്ല. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഈ മേഖലയിൽ പരിശീലനം ഉള്ളത്. ഞരമ്പിൽ നിന്ന് രക്തം എടുക്കാൻ അറിയാവുന്നവർക്ക് മാത്രമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ സാധിക്കുക. ഇൻജക്ഷൻ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തതാകുമോ എന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും തന്നെയില്ലെന്നും പോലീസ് പറയുന്നു.തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.