പാരിസ് - ഫ്രാൻസിലെ സോടവൈൽ റൂയിനിൽ നടന്ന രാജ്യാന്തര അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണം കരസ്ഥമാക്കി. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ നീരജ് ഏഷ്യൻ ഗെയിംസിനായി ഒരുങ്ങുകയാണ്.
ഫ്രഞ്ച് മീറ്റിൽ 85.17 മീറ്ററാണ് നീരജ് എറിഞ്ഞത്. മോൾദോവയുടെ അഡ്രിയൻ മർദാരെക്കാണ് വെള്ളി (81.48 മീ.), ലിത്വാനിയയുടെ എഡിസ് മറ്റുസേവിഷ്യസ് (79.31 മീ.) വെങ്കലം നേടി. ഫൗളില്ലാതെ മുഴുവൻ റൗണ്ടും നീരജ് പൂർത്തിയാക്കി. ഐ.എ.എ.എഫ് ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞതാണ് ഈ സീസണിൽ നീരജിന്റെ മികച്ച പ്രകടനം. കോമൺവെൽത്ത് ഗെയിംസിൽ 86.47 മീറ്റർ എറിഞ്ഞു. ലോക ജൂനിയർ റെക്കോർഡ് ജേതാവാണ്.