സകാക്ക - ഉത്തര സൗദിയിൽ അൽജൗഫ് പ്രവിശ്യയിൽ പെട്ട ഖുറയ്യാത്ത് നിവാസികളായ ചില സൗദി പൗരന്മാർ തലസ്ഥാന നഗരിയായ റിയാദിലേക്ക് വിമാന മാർഗം യാത്ര ചെയ്യാൻ അയൽ രാജ്യമായ ജോർദാനെ ആശ്രയിക്കുന്നു. ഖുറയ്യാത്തിൽ നിന്ന് റിയാദിലേക്ക് വിമാന ടിക്കറ്റുകൾ ലഭിക്കാത്തതും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് അയൽ രാജ്യമായ ജോർദാനിൽ പോയി അമ്മാനിൽ നിന്നുള്ള റിയാദ് വിമാന സർവീസ് പ്രയോജനപ്പെടുത്താൻ പ്രദേശവാസികളെ പ്രേരിപ്പിക്കുന്നത്.
നിലവിൽ ഖുറയ്യാത്തിൽ നിന്ന് റിയാദിലേക്ക് പ്രതിദിനം ഒരു വിമാന സർവീസ് മാത്രമാണുള്ളത്. സൗദിയ മാത്രമാണ് ഖുറയ്യാത്ത്-റിയാദ് സർവീസ് നടത്തുന്നത്. നേരത്തെ ഖുറയ്യാത്തിൽ നിന്ന് രാവിലെയും വൈകീട്ടുമായി സൗദിയ പ്രതിദിനം രണ്ടു സർവീസുകൾ വീതം നടത്തിയിരുന്നു. യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ രണ്ടു സർവീസുകൾ പര്യാപ്തമായിരുന്നു. എന്നാൽ സർവീസുകൾ പകുതിയായി വെട്ടിക്കുറച്ചതോടെ പലർക്കും സീറ്റ് ലഭിക്കുന്നില്ല. ഖുറയ്യാത്തിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവരിൽ 40 ശതമാനം വരെ പേർ റിയാദിലെ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളും അവരെ അനുഗമിക്കുന്നവരുമാണ്.
ഖുറയ്യാത്ത്-റിയാദ് ടിക്കറ്റ് നിരക്കിനെക്കാൾ കുറവാണ് അമ്മാൻ-റിയാദ് ടിക്കറ്റ് നിരക്ക്. ഖുറയ്യാത്തിൽ നിന്ന് സൗദിയ മാത്രമാണ് സർവീസ് നടത്തുന്നതെങ്കിൽ അമ്മാനിൽ നിന്ന് റിയാദിലേക്ക് മുഴുവൻ സൗദി വിമാന കമ്പനികളും സർവീസ് നടത്തുന്നുണ്ട്. സൗദിയയും ഫ്‌ളൈ അദീലും ഫ്‌ളൈ നാസും അമ്മാനും റിയാദിനുമിടയിൽ സർവീസ് നടത്തുന്നുണ്ടെന്ന് അൽഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.