തിരുവനന്തപുരം- പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് തിരിച്ചടിയായി റെയിൽവേ മന്ത്രാലയത്തിന്റെ മലക്കം മറിച്ചിൽ.
പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനിരിക്കേയാണ് റെയിൽവേയുടെ പുതിയ വിലയിരുത്തൽ. ഇക്കുറി നടന്നില്ലെങ്കിൽ കോച്ച് ഫാക്ടറി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. 2008 ലെ ബജറ്റിൽ നിർദ്ദേശിച്ച പദ്ധതിക്ക് 550 കോടി രൂപയാണ് ചെലവ്. പ്രതിവർഷം 450 കോച്ചുകളുണ്ടാക്കാവുന്ന ഫാക്ടറി സംസ്ഥാനത്തിന് അനുവദിക്കാതെ ഒഴിഞ്ഞു മാറുന്ന കേന്ദ്ര സർക്കാരിൽ നിന്ന് വ്യക്തമായ മറുപടി കിട്ടാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ മലക്കം മറിച്ചിൽ. അതേസമയം, പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറി ഉപേക്ഷിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ വി.എസ്. അച്യുതാനന്ദന് കത്തയച്ചിരുന്നു. എന്നാൽ കോച്ചുകളുടെ ആവശ്യകതയും ഏതു തരം കോച്ചുകളാണ് ആവശ്യമെന്നതും സംബന്ധിച്ച് നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ടു പോക്കെന്നും മന്ത്രിയുടെ കത്തിൽ വ്യക്തമാക്കിയിരുന്നു. നേരത്തേ കേന്ദ്ര മന്ത്രിയുമായി വി.എസ് നടത്തിയ കൂടിക്കാഴ്ചാവേളയിൽ ഇതു സംബന്ധിച്ച് വി.എസ് കൈമാറിയ കത്തിനാണ് പീയൂഷ് ഗോയലിന്റെ മറുപടി വന്നത്. 2008 ലാണ് പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന ബജറ്റ് നിർദ്ദേശം വന്നത്. തുടർന്ന് 2009 വി.എസ്. അച്യുതാനന്ദൻ സർക്കാർ ഇതിനായി 239 ഏക്കർ ഏറ്റെടുത്തു. തുടർന്ന് 2012 ൽ കോച്ച് ഫാക്ടറി നിർമ്മാണത്തിന് ശിലയിട്ടെങ്കിലും 2018 ൽ കോച്ച് ഫാക്ടറി നടക്കില്ലെന്ന് രാജേഷ് എം.പിക്ക് റെയിൽവേ മന്ത്രി മറുപടി നൽകിയതോടെയാണ് പദ്ധതി തുലാസിലായത്.