Sorry, you need to enable JavaScript to visit this website.

വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു

കൊച്ചി- ഹവാല പണമിടപാട് നടത്തിയെന്ന പരാതിയെ തുടർന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. മകനും ബി ഡി ജെ എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വെള്ളാപ്പള്ളി നടേശൻ മൂന്നു വർഷം മുമ്പ് വിദേശത്ത് നിന്ന് അനധികൃതമായി വൻതോതിൽ ഹവാല ഇടപാട് നടത്തിയെന്ന് കാണിച്ച് എൻഫോഴ്സമെന്റിന് ലഭിച്ച പരാതിയിൽ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനായിരുന്നു ചോദ്യം ചെയ്യലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് വെള്ളാപ്പള്ളി ചോദ്യം ചെയ്യലിൽ സ്വീകരിച്ചത്. ഐടി റിട്ടേണും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും വെള്ളാപ്പള്ളി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി. പരാതിയിൽ കഴമ്പില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വെള്ളാപ്പള്ളി ആരോപണവും അന്വേഷണവും നേരിടുന്നതിടയിലാണ് ഹവാല പരാതിയും അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. തന്നെയും എസ് എൻ ഡി പി യോഗത്തെയും അപകീർത്തിപ്പെടുത്താൻ തൽപര കക്ഷികൾ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. 

 

Latest News