തിരുവനന്തപുരം - ഗതാഗത നിയമം ലംഘിച്ചതിന് എ ഐ ക്യാമറകള്‍ ചുമത്തുന്ന പിഴ അടയ്ക്കാത്തവരെ പൂട്ടാന്‍ പുതിയ അടവുമായി സംസ്ഥാന സര്‍ക്കാര്‍. പിഴ അടച്ചു തീര്‍ത്താല്‍ മാത്രമേ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന വ്യവസ്ഥ കൊണ്ടു വരാനാണ് നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താറാണ് പതിവ്. ഇതിന് പുറമേയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത് കൂടി തടയുന്നത്. എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയശേഷം ഇതുവരെ 25 കോടി രൂപ പിഴ ചുമത്തി. ഇതില്‍ 3.7 കോടി രൂപ മാത്രമാണ് പിഴ അടച്ചത്. എ.ഐ. ക്യാമറകള്‍ ഓഗസ്റ്റ് രണ്ടുവരെ കണ്ടെത്തിയത് 32.42 ലക്ഷം നിയമലംഘനങ്ങളാണ്. 15.83 ലക്ഷം കേസുകളില്‍ പിഴചുമത്തി. 3.82 ലക്ഷംപേര്‍ക്ക് പിഴയടയ്ക്കാന്‍ ചെലാന്‍ നോട്ടീസും അയച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചാം തീയതി മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്. പിഴ ചുമത്തുന്നതിനെതിരെ പരാതി സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ അപ്പീല്‍ സംവിധാനം സെപ്റ്റംബറില്‍ നിലവില്‍ വരും. ഇതര സംസ്ഥാന വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.