റിയോഡിജനീറോ - പണം മോഹിച്ച് തട്ടിക്കൊണ്ടുപോയ ബ്രസീലിന്റെ ലോകകപ്പ് താരം ടൈസന്റെ അമ്മയെ മോചിപ്പിച്ചു. തെക്കൻ ബ്രസീലിലെ റിയൊ ഗ്രാൻഡെ ദോ സൂളിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് സ്‌ട്രൈക്കറുടെ അമ്മ റോസൻഗീല ഫ്രേദയെ അജ്ഞാതർ റാഞ്ചിയത്. ഏറെ അകലെയുള്ള ഒരു കുഗ്രാമത്തിൽ വെച്ചാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ റഫായേൽ ലോപസ് അറിയിച്ചു.
പൂവുമായി മുട്ടിയപ്പോൾ അപകടം മനസ്സിലാക്കാതെ ഫ്രേദ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു. സായുധ സംഘം അവരെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി പറക്കുകയായിരുന്നു. സൈനിക പോലീസാണ് മോചനത്തിന് നേതൃത്വം നൽകിയത്. നാല് പുരുഷന്മാരും ഒരു വനിതയുമാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. ഫ്രേദക്ക് കുഴപ്പമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.
ടൈസൻ ബ്രസീൽ ടീമിലുണ്ടായിരുന്നുവെങ്കിലും ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയില്ല. വീട്ടുജോലിക്കാരിയായ ഫ്രേദയും തൊഴിലാളിയായ പിതാവും തന്റെ ഫുട്‌ബോൾ കരിയറിനായി ചെയ്ത ത്യാഗത്തെക്കുറിച്ച് വിവരിക്കവേ ടൈസൻ കഴിഞ്ഞ വർഷം ഒരു ടി.വി അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞിരുന്നു.