മോസ്‌കൊ - മഴ പെയ്‌തൊഴിഞ്ഞിട്ടും മരം പെയ്യുന്നതു പോലെ ലോകകപ്പ് ഫുട്‌ബോൾ മാമാങ്കം കഴിഞ്ഞിട്ടും ആരാധകരുടെ ചർച്ച അവസാനിക്കുന്നില്ല. ഫിഫ ഇതുവരെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫിഫ ഇലവനെന്ന് പറഞ്ഞ് ഇന്റർനെറ്റിൽ പ്രചരിച്ച ടീം വൻ വിവാദത്തിന് തിരികൊളുത്തി.
ലോകകപ്പിന് മുമ്പ് ലോകത്തിലെ മികച്ച മൂന്നു കളിക്കാരായി അംഗീകരിക്കപ്പെട്ട ലിയണൽ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാൾഡോയും നെയ്മാറുമൊന്നും ആരുടെയും പട്ടികയിലില്ല. ലൂക മോദ്‌റിച്ചും കീലിയൻ എംബാപ്പെയുമാണ് പുതിയ താരങ്ങൾ.
മികച്ച ഗോളിയായി ഫിഫ തെരഞ്ഞെടുത്തത് ബെൽജിയത്തിന്റെ തിബൊ കോർട്‌വയെയാണ്. ഫ്രാൻസിന്റെ ഹ്യൂഗൊ ലോറീസ്, ക്രൊയേഷ്യയുടെ ഡാനിയേൽ സുബസിച് എന്നിവരും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സെൻട്രൽ ഡിഫന്റർമാരുടെ സ്ഥാനത്തേക്ക് ഡിയേഗൊ ഗോദീൻ (ഉറുഗ്വായ്), റഫായേൽ വരാൻ (ഫ്രാൻസ്) എന്നിവർക്കാണ് ഏറ്റവുമധികം പിന്തുണ. ദോമഗോയ് വീദ (ക്രൊയേഷ്യ), ടോബി ആൾഡർവെയ്‌രൾഡ് (ബെൽജിയം) എന്നിവരും ഒട്ടും പിന്നിലല്ല. വിംഗ്ബാക്കുകളായി ഇലിയ കുടെപോവ് (റഷ്യ), സിമെ വെർസാൽകൊ (ക്രൊയേഷ്യ), തോമസ് മൂനീർ (ബെൽജിയം) എന്നിവർ പരിഗണിക്കപ്പെടന്നു.
മധ്യനിരയിലേക്ക് ഒന്നിനൊന്ന് മികച്ച നിരവധി കളിക്കാരുണ്ട്. ക്രൊയേഷ്യൻ താരങ്ങളായ മോദ്‌റിച്ചും ഇവാൻ റാകിറ്റിച്ചുമാണ് ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയത്. ഫ്രഞ്ച് മിഡ്ഫീൽഡർമാരായ പോൾ പോഗ്ബ, എൻഗോലൊ കാണ്ടെ എന്നിവർ ഒട്ടും പിന്നിലല്ല. ബെൽജിയത്തിന്റെ എഡൻ ഹസാഡ്, കെവിൻ ഡിബ്രൂയ്‌നെ, ആക്‌സൽ വിറ്റ്‌സൽ, ബ്രസീലിന്റെ ഫെലിപ്പെ കൗടിഞ്ഞൊ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
മുൻനിരയിലേക്ക് സർവാംഗീകൃതൻ എംബാപ്പെ തന്നെ. ഫ്രഞ്ച് സഹതാരം ആന്റോയ്ൻ ഗ്രീസ്മാൻ, ഉറുഗ്വായ്‌യുടെ എഡിൻസൻ കവാനി, ക്രൊയേഷ്യയുടെ ഇവാൻ പെരിസിച് എന്നിവരും പരിഗണിക്കപ്പെടുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർമാരിൽ ജോർദാൻ പിക്ഫഡ് (ഇംഗ്ലണ്ട്), അലി ബെയ്‌രൻവന്ത് (ഇറാൻ) എന്നിവരുണ്ട്. കീരൻ ട്രിപ്പിയർ, ഹാരി മഗ്വയർ (ഇംഗ്ലണ്ട്), ജോൺ മോയിക, യെറി മിന (കൊളംബിയ), ആന്ദ്രെ ഗ്രാൻക്വിസ്റ്റ് (സ്വീഡൻ), സാമുവേൽ ഉംറ്റിറ്റി, ലുക്കാസ് ഹെർണാണ്ടസ് (ഫ്രാൻസ്) തുടങ്ങിയവർ പ്രതിരോധത്തിൽ തിളങ്ങി. മധ്യനിരയിൽ കസിമീരൊ (ബ്രസീൽ), ഇസ്‌കൊ (സ്‌പെയിൻ) എന്നിവരും മുൻനിരയിൽ ഹിർവിംഗ് ലൊസാനൊ (മെക്‌സിക്കൊ), മാരിയൊ മൻസൂകിച് (ക്രൊയേഷ്യ), ആർതെം സ്യൂബ (റഷ്യ) എന്നിവരും ആരാധകരുടെ ശ്രദ്ധ നേടി. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ ഗ്രൂപ്പ് ഘട്ടത്തിൽ ഉജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നോക്കൗട്ട് റൗണ്ടുകളിൽ മങ്ങി.