Sorry, you need to enable JavaScript to visit this website.

മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം- പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘ്പരിവാർ രാജ്യത്തുടനീളം വംശീയ അതിക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും മതധ്രുവീകരണം ശക്തിപ്പെടുത്തി രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കുകയാണ് സംഘ് ലക്ഷ്യമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്  നാസർ കീഴുപറമ്പ് പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾക്കെതിരെ  മലപ്പുറം കുന്നമ്മലിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ആർ.എസ്.എസും നരേന്ദ്ര മോഡിയും യോഗി ആദിത്യനാഥും തുറന്നുവിട്ട ഹിന്ദുത്വ വിഷ ബീജങ്ങൾ ആയുധമേന്തി രാജ്യത്തെ മുസ്‌ലിംകളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയിൽ പള്ളി ഇമാമിനെയടക്കം വധിച്ച വംശീയാക്രമണം അതാണ് വ്യക്തമാക്കുന്നത്. വിജയ്പൂർ-മുംബൈ ട്രെയിനിൽ ആർ.പി.എഫ് ഉദേ്യാഗസ്ഥൻ മുസ്‌ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്. അത്യന്തം ഭീകരവും ക്രൂരവുമായ സംഭവമാണിത്. പിന്നാക്ക വിഭാഗത്തിൽപെട്ട മേലുേദ്യാഗസ്ഥനെയും അയാൾ വകവരുത്തി. 
ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിന്റെ ഭാഗമാണിതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ശരീഫ് മൊറയൂർ എന്നിവർ സംസാരിച്ചു. ശാക്കിർ മോങ്ങം, നാസർ വേങ്ങര, ഫാറൂഖ്  കെ.പി, സി.എച്ച് സലാം, കുഞ്ഞാലി മാസ്റ്റർ വേങ്ങര, മാജിത മലപ്പുറം, പി.പി മുഹമ്മദ്, മഹബൂബ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി.

Latest News