Sorry, you need to enable JavaScript to visit this website.

രാഹുല്‍ വീണ്ടും വരുന്നു, അതിരറ്റ ആഹ്ലാദത്തിൽ വയനാട്

കൽപറ്റ-രാഹുൽഗാന്ധിക്കെതിരായ അപകീർത്തി കേസിൽ സുപ്രീം കോടതിയിൽനിന്നുണ്ടായത്  വയനാട് കാത്തിരുന്ന ഉത്തരവ്. രാജ്യത്തെ നിയമ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് അപകീർത്തി കേസിൽ രാഹുൽഗാന്ധിക്ക് പരമാവധി ശിക്ഷ വിധിച്ച സൂറത്ത് കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിയെന്ന് ജില്ലയിൽ പൊതുരംഗത്തുള്ളവർ പറയുന്നു. 2019ൽ കർണടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു രാഹുൽഗാന്ധിക്കെതിരായ കേസും ശിക്ഷയും. 

സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനു കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് സെക്രട്ടേറിയറ്റ് അയോഗ്യത കൽപ്പിച്ചത്. ഇതോടെ എം.പിയില്ലാത്ത പാർലമെന്റ് മണ്ഡലമായി വയനാട് മാറി. കീഴ്‌ക്കോടതി ഉത്തരവ് സൂറത്ത് ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും ശരിവച്ചത്  വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത ചർച്ചാവിഷയമാക്കി. ഈ സാഹചര്യമാണ് സുപ്രീം കോടതി ഉത്തരവോടെ ഒഴിവായത്. രാഹുൽഗാന്ധി എം.പി പദവിയിൽ വൈകാതെ തിരിച്ചെത്തുന്നതിനു സഹായകമാകുന്നതാണ് ഉത്തരവ്. 
അപകീർത്തി കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽനിന്നു രാഹുൽഗാന്ധിക്കു അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷ ജില്ലയിലെ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടായിരുന്നു. ഇത് അസ്ഥാനത്തായത് നീതിന്യായ സംവിധാനത്തിലെ കൈകടത്തലുകളെക്കുറച്ചുള്ള ചർച്ചകൾക്കു വഴിയൊരുക്കിയിരുന്നു. കോടതി വിധികൾക്കെതിരെ പരസ്യപ്രസ്താവനകൾക്കുപോലും കോൺഗ്രസ് നേതാക്കളിൽ ചിലർ മുതിർന്നു. 
അപകീർത്തി കേസിലെ സൂപ്രീം കോടതി ഉത്തരവ്  രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനു കരുത്തുപകരുന്നതും രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ എന്തും ചെയ്യുന്ന ബി.ജെ.പി നേതൃത്വത്തിനുള്ള  മറുപടിയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. 
ഉത്തരവ് സ്വാഗതാർഹമാണെന്നും രാഹുൽഗാന്ധിയെ പാർലമെന്റ് സെക്രട്ടറേറിയറ്റ് അയോഗ്യനാക്കിയതിലുള്ള വിയോജിപ്പ് സി.പി.എം നേരത്തേ വ്യക്തമാക്കിയതാണെന്നും പാർട്ടി ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പ്രതികരിച്ചു. 
ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് ആശ്വാസം പകരുന്ന ഉത്തരവാണ് രാഹുൽ ഗാന്ധിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽനിന്നുണ്ടായതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ.അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. അതിരറ്റ ആഹ്‌ളാദത്തിലാണ് വയനാടൻ ജനതയെന്ന് അദ്ദേഹം പറഞ്ഞു. അപകീർത്തി കേസിൽ രാഹുൽഗാന്ധിക്കും അതുവഴി രാജ്യത്തെ ജനാധിപത്യ-മതേതര  വിശ്വാസികൾക്കും സുപ്രീം കോടതിയിൽനിന്നു നീതി ലഭിക്കുമെന്ന പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ.വിശ്വനാഥൻ പ്രതികരിച്ചു. 
ഇന്ത്യൻ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനമാണ് സുപ്രീം കോടതി ഉത്തരവിലൂടെസംഭവിച്ചതെന്ന് കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ.പൗലോസ് പറഞ്ഞു.  അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെ ഉയർന്ന കടുത്ത ഭീഷണിയായിരുന്നു രാഹുൽഗാന്ധിക്കെതിരായ കേസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  
സാധാരാണക്കാർക്കിടയിൽ ജീവിച്ച് അവരിൽ ജനാധിപത്യ-മതേരതര മൂല്യങ്ങൾ വളർത്തുന്ന രാഹുൽഗാന്ധിയെ രാഷ്ട്രീയമായി വേട്ടയാടിയ വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഉത്തരവാണ് സുപ്രീം കോടതിയിൽനിന്നുണ്ടായതെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം അഭിപ്രായപ്പെട്ടു. 
അപകീർത്തി കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചതിനെതിരായ ഹരജി സൂറത്ത് ജില്ലാ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയ പശ്ചാത്തലത്തിൽ സുപ്രീം കോടതി അനുവദിച്ച സ്റ്റേ പ്രസക്തമാണെന്ന് കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ.ദേവസ്യ പറഞ്ഞു. 

Latest News