Sorry, you need to enable JavaScript to visit this website.

എണ്ണയുല്‍പാദനം വെട്ടിക്കുറക്കല്‍: സൗദിക്ക് ഒപെക് പ്ലസ് പിന്തുണ

ജിദ്ദ - ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതായും വിലമതിക്കുന്നതായും ഒപെക് പ്ലസ് വ്യക്തമാക്കി. ഇന്നലെ നടന്ന, ഉല്‍പാദനം നിരീക്ഷിക്കാനുള്ള ഒപെക് പ്ലസ് സംയുക്ത മന്ത്രിതല കമ്മിറ്റിയുടെ 49-ാമത് യോഗമാണ് സൗദി അറേബ്യക്കുള്ള പിന്തുണ വ്യക്തമാക്കിയത്. പ്രതിദിന ഉല്‍പാദനത്തില്‍ പത്തു ലക്ഷം ബാരലിന്റെ അധിക കുറവ് സൗദി അറേബ്യ സ്വമേധയാ വരുത്തിയതിനെയും ഉല്‍പാദനം വെട്ടിക്കുറച്ചത് അടുത്ത മാസവും തുടരാനുള്ള തീരുമാനത്തെയും യോഗം പ്രശംസിച്ചു. സെപ്റ്റംബറില്‍ പ്രതിദിന എണ്ണ കയറ്റുമതിയില്‍ മൂന്നു ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താന്‍ തീരുമാനിച്ച് റഷ്യ നടത്തുന്ന ശ്രമങ്ങളെയും യോഗം പ്രശംസിച്ചു.
മെയ്, ജൂണ്‍ മാസങ്ങളിലെ ക്രൂഡ് ഓയില്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ വെര്‍ച്വല്‍ രീതിയില്‍ നടന്ന യോഗം അവലോകനം ചെയ്തു. വിപണി സ്ഥിരതക്ക് പരസ്പരം സഹകരിച്ച് നീങ്ങുന്ന ഒപെക് രാജ്യങ്ങളെയും സംഘടനക്ക് പുറത്തുള്ള സ്വതന്ത്ര ഉല്‍പാദകരെയും യോഗം പ്രശംസിച്ചു. 2023 ജൂണ്‍ നാലിന് ചേര്‍ന്ന ഒപെക് പ്ലസ് എണ്ണ മന്ത്രിമാരുടെ 35-ാമത് യോഗത്തില്‍ ധാരണയിലെത്തിയതു പ്രകാരം ഉല്‍പാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം അടുത്ത വര്‍ഷാവസാനം പാലിക്കാനുള്ള പ്രതിജ്ഞാബദ്ധത അംഗ രാജ്യങ്ങള്‍ വ്യക്തമാക്കി. സംയുക്ത കമ്മിറ്റിയുടെ 50-ാമത് യോഗം 2023 ഒക്‌ടോബര്‍ നാലിന് ചേരും.

 

Latest News