Sorry, you need to enable JavaScript to visit this website.

പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവളത്തിന് ആശ്വാസമായി അന്താരാഷ്ട്ര കോഡ് ഷെയറിംഗ്

കണ്ണൂര്‍ - വിദേശ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര അനുമതി ലഭിക്കാതിരിക്കുകയും, സ്ഥിരം സര്‍വീസുകള്‍ വെട്ടിക്കുറക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് ആശ്വാസമായി അന്താരാഷ്ട്ര കോഡ് ഷെയറിംഗ്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യൂറോപ്പ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പറക്കാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് വിമാനകമ്പനികള്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍നിന്നു കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ വഴിയാണ് വിദേശയാത്ര സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍നിന്നു നേരിട്ട് ഇവിടേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
2018 ഡിസംബര്‍ 19നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു അബുദാബിയിലേക്ക് ആദ്യവിമാനം പറന്നുയര്‍ന്നത്. പത്തുമാസത്തിനുള്ളില്‍ പ്രതിദിനം അന്‍പതു സര്‍വീസ് വരെ കണ്ണൂരില്‍ നിന്നും നടത്തിയിരുന്നു. ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വീസെന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. എന്നാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും നഷ്ടത്തിലുള്ള വിമാാനത്താവളമെന്ന ദുഷ്‌പേരാണ് കണ്ണൂരിനുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 131.98 കോടിയുടെ നഷ്ടമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനുണ്ടായിട്ടുള്ളത്. 2420 കോടി നിര്‍മ്മാണ ചെലവു വരുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ വായ്പാ തിരിച്ചടവ് അടക്കം ഇതോടെ മുടങ്ങുകയും ദൈനംദിന ചെലവുകള്‍ക്കുപോലും പണം കണ്ടെത്താനാവാതെ കിയാല്‍ ദുരിതത്തിലാവുകയും ചെയ്തു.
രാജ്യത്ത് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ് വിമാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് തിരിച്ചടിയായി മാറിയത്. അബുദാബി, കുവൈത്ത്, ദമാം, മസ്‌കത്ത് എന്നിവടങ്ങളിലേക്കും തിരികെയുള്ള ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂര്‍ വിമാനത്താവളം വഴി നടത്തിയിരുന്നത്. കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന ഏക വിമാനകമ്പനിയും ഗോ ഫസ്റ്റ് ആയിരുന്നു.
ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ കണ്ണൂരില്‍നിന്നു പ്രതിമാസം 240 സര്‍വീസുകളുടെ കുറവുണ്ടായി. ഇതു കിയാലിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിച്ചു.  ഒരുമാസം നാലുകോടിയോളം രൂപ ഇതുവഴി നഷ്ടമായി. വലിയ വിമാനങ്ങളുപയോഗിച്ചു രാജ്യാന്തര സര്‍വീസുകള്‍ നടത്തിവന്നിരുന്ന എയര്‍ ഇന്ത്യയുടെ പിന്മാറ്റവും കിയാലിന് തിരിച്ചടിയായി.
സാങ്കേതിക കാരണം പറഞ്ഞ് വിദേശ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഈ സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിദേശവിമാന കമ്പനികളുടെ സഹായത്തോടെ ശ്രമം നടത്തിയത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ബദല്‍ മാര്‍ഗത്തിലൂടെ വിദേശയാത്രയ്ക്ക് സൗകര്യമൊരുങ്ങുകയാണ്.
ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കോഡ് ഷെയറിങ് ധാരണ പ്രകാരമാണ് യാത്രക്കാര്‍ക്ക് ഇസ്തംബുള്‍ വഴി യൂറോപ്പിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അവസരം ഒരുക്കുന്നത്. 24 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഇതുവഴി കണ്ണൂരില്‍നിന്നു പറക്കാന്‍ സാധിക്കും. കണ്ണൂരില്‍ കോഡ് ഷെയറിങ്ങിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതിനാല്‍ അനുമതിയുള്ള വിമാനത്താവളങ്ങളിലെത്തി അവിടെനിന്നാണ് കണക്ഷന്‍ ഫ്‌ളൈറ്റ് വഴി തുടര്‍യാത്ര സാധ്യമാകൂ. അതുകൊണ്ടു തന്നെ യൂറോപ്പ് യാത്രക്ക് രണ്ടു വിമാനത്താവളങ്ങളില്‍ ലേ ഓവര്‍ വേണ്ടി വരും. ഒരു ദിവസത്തിലേറെ സമയവും.
ഇന്‍ഡിഗോയുടെ ഹബ് ആയ മുംബൈയിലും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഹബ് ആയ ഇസ്താംബുളിലുമാണ് ലേ ഓവര്‍. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒരു ദിവസവും മൂന്നര മണിക്കൂറുമാണ് വേണ്ടത്. ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന അയല്‍ രാജ്യങ്ങളിലേക്കു പറക്കാന്‍ ഒരിടത്ത് ലേ ഓവര്‍ മതി.
കൊളംബോയിലേക്ക് ബംഗളൂരു വഴി 6 മണിക്കൂറും മാലിയിലേക്ക് ബെംഗളൂരു വഴി 6.15 മണിക്കൂറും സിംഗപ്പൂരിലേക്കു ചെന്നൈ വഴി 11.45 മണിക്കൂറും ഫുക്കറ്റിലേക്ക് ബെംഗളൂരു, ഡല്‍ഹി വഴി 16.35 മണിക്കൂറുമാണ് സമയം വേണ്ടിവരുന്നത്. രാജ്യാന്തര യാത്രക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്ക് 222 സീറ്റുകളുള്ള എയര്‍ബസ് എ321 വിമാനമാണ് ഇനി മുതല്‍ സര്‍വീസ് നടത്തുക. നെതര്‍ലന്‍ഡ്‌സ്, ഗ്രീസ്, തായ്‌ലന്‍ഡ്, ബല്‍ജിയം, ഹംഗറി, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, വിയറ്റ്‌നാം, മാള്‍ട്ട, ചെക് റിപ്പബ്ലിക്, ഇസ്രയേല്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറ്റലി, ബള്‍ഗേറിയ, കെനിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാള്‍, മാലി, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുമെല്ലാം ടിക്കറ്റ് ലഭ്യമാവും.

 

Latest News