ക്രാഫ്റ്റ് ഷോപ്പിന് മുന്നില്‍ ഗണപതി വിഗ്രഹങ്ങള്‍ക്കൊപ്പം സി.പി.ഐ ജില്ലാ സെക്രട്ടറി, അതും വിവാദം

പത്തനംതിട്ട- സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ 'മിത്ത്' പരാമര്‍ശവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ക്കിടെ, ഗണപതി വിഗ്രഹങ്ങള്‍ക്കു മുന്നില്‍നിന്നുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍. ഒരു യാത്രയുടെ തുടക്കം എന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ ചൊല്ലി വിവാദവും ഉടലെടുത്തു.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖില്‍, എ.പി.ജയന്റെ നിലപാടിനെ തള്ളി ഫെയ്‌സ്ബുക്കില്‍ മറുപടി പോസ്റ്റിട്ടു. കഥകള്‍ വിശ്വസിക്കുന്നവര്‍ക്കു അതുമായി മുന്നോട്ടു പോകാമെന്നും സഖാവ് ഷംസീര്‍ പറഞ്ഞതു ശാസ്ത്രമാണെന്നും അഖില്‍ കുറിച്ചു. 'ഷംസീറിനൊപ്പം ശാസ്ത്രത്തിനൊപ്പ'മെന്ന പോസ്റ്റ് മുന്‍പും അഖില്‍ പങ്കുവെച്ചിരുന്നു.
ഗ്രന്ഥശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ടു ദല്‍ഹി, കൊല്‍ക്കത്ത യാത്രയിലാണു എ.പി.ജയന്‍ എന്നു പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ചിത്രത്തില്‍ ഗണപതി മാത്രമല്ല, കൃഷ്ണനും ബുദ്ധനും ഉണ്ടെന്നാണു അവര്‍ വിശദീകരിക്കുന്നത്. 'മിത്ത്' വിവാദത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണു ജില്ലാ സെക്രട്ടറിയെന്നും അവിചാരിതമായി എടുത്ത ചിത്രം ചിലര്‍ വിവാദമാക്കുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
ചിത്രം പ്രസിദ്ധീകരിച്ച സാഹചര്യം വ്യക്തമാക്കി പിന്നീട് ജയന്‍ പുതിയ പോസ്റ്റിട്ടു. അതിങ്ങനെ...

അഖിലേന്ത്യാ തലത്തില്‍ ദല്‍ഹി പ്രഗതി മൈതാനിയില്‍ ഓഗസ്റ്റ് 05,06 തീയതികളില്‍   നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറിസ് 2023' എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രതിനിധികളില്‍ ഒരാളായി പോകുന്നതിനായി ഇന്ന് രാവിലെ കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഞാന്‍ യാത്ര തിരിച്ചിരുന്നു. യാത്ര ആരംഭിക്കുന്നതിന്  മുന്‍പ് എയര്‍പോര്‍ട്ടിലെ ഒരു ക്രാഫ്റ്റ് ഷോപ്പിന്  മുന്‍പില്‍ നിന്ന് എടുത്ത ചിത്രം ഞാന്‍ ഫേസ്ബുക്കില്‍ രാവിലെ'ഒരു യാത്രയുടെ തുടക്കം' എന്ന നിലയില്‍ കുറിപ്പ് നല്‍കി പങ്കുവെച്ചിരുന്നു. യാത്രയില്‍ ആയിരുന്നതിനാല്‍ ഇതിനെ സംബന്ധിച്ച് ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഇപ്പോഴാണ് എന്റെ ശ്രദ്ധയില്‍ വന്നത്. നിലവില്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളുമായി ആ ചിത്രത്തിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം. ഞാന്‍ മുന്‍പും യാത്രകള്‍ പോകുന്ന സന്ദര്‍ഭങ്ങളില്‍ യാത്രയുമായി ബന്ധപ്പെട്ട  ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ബഹു:സ്പീക്കര്‍ എ.എന്‍ ഷംസീറുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ എന്റെ പാര്‍ട്ടിയുടെ അഭിപ്രായം സംസ്ഥാന നേതൃത്വം വിശദീകരിക്കും. ആ നിലപാടാണ് എന്റെ നിലപാട്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട....

 

 

Latest News