കോഴിക്കോട് - കേരളത്തെയോർത്ത് മിത്ത് വിവാദം അവസാനിപ്പിക്കണമെന്നും കലാപമൊഴിയാത്ത മണിപ്പൂരും ഹരിയാനയും നമുക്ക് ഭാവിയിലേക്കുള്ളൊരു പാഠപുസ്തകമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. എരിതീയിൽ എണ്ണയൊഴിക്കാനും ചിലർ മിടുക്കരാണ്. പക്ഷേ, തീയണക്കാൻ അത്ര എളുപ്പം ആർക്കും കഴിയില്ല -പി. മുജീബ് റഹ്മാൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മണിപ്പൂരിൽ നിന്നും കേരളത്തിലേക്ക് വലിയ ദൂരമൊന്നുമില്ല. കേരളത്തിലിപ്പോൾ നടക്കുന്ന മിത്ത് വിവാദം വിശ്വാസ സംരക്ഷണത്തേക്കാൾ രാഷ്ട്രീയ താൽപര്യങ്ങളാൽ ഊതിക്കത്തിക്കപ്പെട്ടതാണ്. മതവും വിശ്വാസവും ദർശനങ്ങളും ശാസ്ത്രവുമെല്ലാം സംവാദങ്ങൾക്കതീതമല്ല. അതെല്ലാം ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള ഉയർന്ന ജനാധിപത്യ ബോധമാണ് കേരളത്തിന്റെ പ്രത്യേകത. ഇതര ആശയങ്ങളെ മാനിക്കാനും മാന്യമായി വിയോജിക്കാനുമുള്ള ഇടം അനുവദിക്കപ്പെടണം. എന്നാൽ, അപരൻ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആശയങ്ങളെ അധിക്ഷേപിക്കാതിരിക്കാനും പരിഹസിക്കാതിരിക്കാനുമുള്ള വിശാലത ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാവരും പുലർത്തണം.
മിത്ത് വിവാദത്തിൽ പക്ഷേ, ഇതൊന്നുമല്ല സംഭവിച്ചിട്ടുള്ളത്. ബി.ജെ.പി യുടെ ഒരു സമുന്നതനായ നേതാവ് തന്നെ പറഞ്ഞതുപോലെ ഇതൊരു സുവർണാവസരമായി കാണാൻ ബി.ജെ.പി തീരുമാനിച്ചുവെന്നതാണ് വിഷയം. ഇത് മനസ്സിലാക്കാനുള്ള ശേഷി ഒരു ഘട്ടത്തിലും മലയാളിക്ക് നഷ്ടപ്പെടരുത്. അതുണ്ടായപ്പോഴാണ് ഇതിൽ കക്ഷിയല്ലാത്ത ഒരു സമുദായം ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടത്. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ ഷംസീറിന്റെ പേരിൽ നോമ്പും, നമസ്‌കാരവും, മുണ്ടുടുക്കൽ രീതിയും മൗലൂദും കൂടാതെ ഹൂറികളും അല്ലാഹുവുമെല്ലാം ചർച്ചയിലേക്ക് വലിച്ചിഴക്കപ്പെട്ടതും യാദൃശ്ചികമല്ല.
നമുക്ക് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണാം. അതിലുപരി ശാസ്ത്രവും മതവും മതമില്ലാത്തവരുമെല്ലാം മനുഷ്യന് വേണ്ടിയാണ് സംസാരിക്കുന്നതെങ്കിൽ ഈ വിവാദം എത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ, അത്രയും നല്ലത്.
ഇനിയും, കേരളത്തിൽ ഇസ്‌ലാമോഫോബിയ പടർത്തിവിട്ട് രാഷ്ട്രീയലാഭം ലക്ഷ്യമാക്കുന്ന എല്ലാവരും മനസ്സിലാക്കുക, ഇത് നിങ്ങളെതന്നെ തിരിഞ്ഞുകുത്തും. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ, അന്തിമമായി സംഘ്പരിവാർ മാത്രവുമായിരിക്കും -മുജീബ് റഹ്മാൻ പറഞ്ഞു.