ജിദ്ദ - ആഗോള വിപണിയിലെ അരിവില വർധന ഗൾഫിലും സാധാരണക്കാരുടെ നടുവൊടിക്കുമെന്ന് ആശങ്ക. പ്രാദേശിക വിപണിയിലെ വിലക്കയറ്റവും അടുത്ത വിളകളിൽ കുറവ് നേരിട്ടേക്കുമെന്ന ഭീതിയും കാരണം വ്യത്യസ്ത ഇനം അരികളുടെ കയറ്റുമതി ഇന്ത്യ വിലക്കിയ പശ്ചാത്തലത്തിൽ അരി ലഭ്യതയെ കുറിച്ച കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യയാണ് ലോകത്തെ അരി വ്യാപാരത്തിന്റെ 40 ശതമാനവും നിയന്ത്രിക്കുന്നത്. 140 രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റി അയക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതി രാജ്യമായ തായ്‌ലന്റിൽ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന വരൾച്ചയും മഴക്കുറവും ജലവിനിയോഗം കുറക്കാൻ വേണ്ടി നെൽകൃഷി കുറക്കുന്നതും അരി വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയം പാക്കിസ്ഥാനിൽ അരിയുൽപാദനം 31 ശതമാനം തോതിൽ കുറയാൻ ഇടയാക്കിയിരുന്നു. ലോകത്തെ അരി വ്യാപാരത്തിന്റെ എട്ടു ശതമാനം പാക്കിസ്ഥാന്റെ വിഹിതമാണ്.
വിവിധ കാരണങ്ങൾ ആഗോള വിപണിയിൽ അരി വിലയെ ബാധിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകർ കരുതുന്നത്. അരി മുഖ്യാഹാരമായ അറബ് രാജ്യങ്ങളെയും ഗൾഫ് രാജ്യങ്ങളെയും വിലക്കയറ്റം ബാധിക്കും. ഗൾഫിൽ ഏറ്റവും ജനകീയവും മുഖ്യാഹാരവുമായ ബസുമതി അരി കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും ആഗോള അരി വിപണിയിലെ തുടർച്ചയായ വിലക്കയറ്റം എല്ലായിനം അരികളുടെയും വില ഉയരാൻ ഇടയാക്കിയേക്കുമെന്നാണ് കരുതുന്നത്.
ലോകത്ത് അരിവില ഏറ്റവും കൂടുതൽ സെർബിയയിലും അമേരിക്കയിലും ജപ്പാനിലുമാണ്. ഈ മൂന്നു രാജ്യങ്ങളിലും ഒരു കിലോ അരിക്ക് നാലു ഡോളറിൽ കൂടുതലാണ് വിലയെന്ന് ആഗോള തലത്തിൽ നിത്യോപയോഗ വസ്തുക്കളുടെ വില നിരീക്ഷിക്കുന്ന ഗ്ലോബൽപ്രൊഡക്ട്‌സ്‌പ്രൈസസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഒരു കിലോ ബസുമതി അരിക്ക് സൗദിയിൽ 2.32 ഡോളറും യു.എ.ഇയിൽ 2.59 ഡോളറുമാണ്. ഗൾഫിൽ അരി വില ഏറ്റവും കൂടുതൽ യു.എ.ഇയിലാണ്.
അരി കയറ്റുമതി താൽക്കാലികമായി നാലു മാസത്തേക്ക് നിർത്തിവെച്ചതായി കഴിഞ്ഞ മാസാവസാനം യു.എ.ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. പ്രതിവർഷം 62 ലക്ഷം ടൺ അരി ചൈന ഇറക്കുമതി ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ് 38 ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യുന്നു. അറബ് ലോകത്ത് ഇറാഖ് ആണ് ഏറ്റവുധികം അരി ഇറക്കുമതി ചെയ്യുന്നത്. പ്രതിവർഷം 21 ലക്ഷം ടൺ അരി ഇറാഖ് ഇറക്കുമതി ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യ ഓരോ വർഷവും 13 ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യുന്നതായാണ് കണക്ക്.