ജിദ്ദ - സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി വിജയകരമായതിന്റെ സൂചനയെന്നോണം ഈ വർഷം രണ്ടാം പാദത്തിൽ ബജറ്റ് വരുമാനത്തിന്റെ 43 ശതമാനമായി പെട്രോളിതര വരുമാനം ഉയർന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ബജറ്റ് വരുമാനത്തിന്റെ 32 ശതമാനമായിരുന്നു പെട്രോളിതര വരുമാനം. ഇക്കഴിഞ്ഞ പാദത്തിൽ പെട്രോളിതര വരുമാനം 12.6 ശതമാനം തോതിൽ വർധിച്ച് 135.1 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ പെട്രോളിതര വരുമാനം 120 ബില്യൺ റിയാലായിരുന്നു.
2020 നാലാം പാദത്തിനു ശേഷം കൈവരിക്കുന്ന ഏറ്റവും ഉയർന്ന പെട്രോളിതര വരുമാനമാണ് ഇക്കഴിഞ്ഞ പാദത്തിലെത്. 2020 നാലാം പാദത്തിൽ പെട്രോളിതര വരുമാനം 144.3 ബില്യൺ റിയാലായിരുന്നു. സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും ഫലമായി പൊതുധനവിനിയോഗത്തിൽ പെട്രോളിതര വരുമാനം മുഖ്യപങ്ക് വഹിക്കാൻ തുടങ്ങിയിട്ടുണ്ട്.
രണ്ടാം പാദത്തിൽ പൊതുധനവിനിയോഗം സർക്കാർ 9.4 ശതമാനം തോതിൽ ഉയർത്തി. ഇക്കഴിഞ്ഞ പാദത്തിൽ പൊതുധനവിനിയോഗം 320.1 ബില്യൺ റിയാലായിരുന്നു. 2022 രണ്ടാം പാദത്തിൽ ഇത് 292.5 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ എണ്ണ വില കുറഞ്ഞിട്ടും പൊതുധനവിനിയോഗം സർക്കാർ ഉയർത്തി. റഷ്യ-ഉക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ എണ്ണ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ പൊതുവരുമാനം 370.4 ബില്യൺ റിയാലും ചെലവ് 292.5 ബില്യൺ റിയാലും ബജറ്റ് മിച്ചം 77.9 ബില്യൺ റിയാലുമായിരുന്നു. ഇക്കഴിഞ്ഞ പാദത്തിൽ പൊതുവരുമാനം 314.8 ബില്യൺ റിയാലും ചെലവ് 320.1 ബല്യൺ റിയാലും കമ്മി 530 കോടി റിയാലുമാണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ എണ്ണ വരുമാനം 250.4 ബില്യൺ റിയാലായിരുന്നു. ഇക്കഴിഞ്ഞ പാദത്തിൽ ഇത് 179.7 ബില്യൺ റിയാലായി കുറഞ്ഞു. പെട്രോൾ വരുമാനത്തിൽ 28 ശതമാനം കുറവാണ് ഇക്കഴിഞ്ഞ പാദത്തിൽ രേഖപ്പെടുത്തിയത്. ഇതേസമയം പെട്രോളിതര വരുമാനം 120 ബില്യൺ റിയാലിൽ നിന്ന് 135.1 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ പെട്രോളിതര വരുമാനം 12.6 ശതമാനം തോതിൽ വർധിച്ചു.