Sorry, you need to enable JavaScript to visit this website.

ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരാൻ എൻ.ഒ.സി വേണോ?

ചോദ്യം: ഞാൻ ഹൗസ് ഡ്രൈവർ വിസയിലാണുള്ളത്. ഇപ്പോൾ ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോയി പുതിയ മറ്റൊരു വിസയിൽ വരാൻ ആഗ്രഹിക്കുന്നു. അതിന് നിലവിലെ സ്‌പോൺസറുടെ എൻ.ഒ.സി ആവശ്യമുണ്ടോ?

ഉത്തരം: സൗദിയിൽ നിയമാനുസൃതമായാണ് നിങ്ങൾ ജോലി ചെയ്യുകയും ഫൈനൽ എക്‌സിറ്റിൽ പോവുകയും ചെയ്യുന്നതെങ്കിൽ പുതിയ വിസയിൽ വീണ്ടും വരുന്നതിന് നിലവിലെ സ്‌പോൺസറുടെ എൻ.ഒ.സി വേണ്ടതില്ല. നിയമപരമായുള്ള നടപടികൾ പൂർത്തിയാക്കിയാണ് ഒരാൾ ഫൈനൽ എക്‌സിറ്റിൽ പോകുന്നതെങ്കിൽ അയാൾക്ക് എപ്പോൾ വേണമെങ്കിലും സൗദിയിൽ പുതിയ വിസയിൽ വരുന്നതിന് തടസങ്ങളില്ല.

വിസിറ്റ് വിസ അടിച്ച പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ

ചോദ്യം: എന്റെ ഭാര്യ ഒരു വർഷത്തെ മൾട്ടി എൻട്രി വിസിറ്റ് വിസയിൽ സൗദിയിലായിരുന്നു. അഞ്ച് മാസത്തിനുശേഷം നാട്ടിലേക്ക് പോന്നു. നാട്ടിൽ വെച്ച് ഭാര്യയുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടു. തുടർന്ന് പുതിയ പാസ്‌പോർട്ട് എടുത്തു. ഈ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാതെ സൗദിയിൽ പ്രവേശിക്കാൻ കഴിയുമോ? വിസക്ക് 2024 ഫെബ്രുവരി വരെ കാലാവധിയുണ്ട്? 

ഉത്തരം: വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ട് ഇല്ലാതെ സൗദിയിൽ പ്രവേശിക്കാനാവില്ല. നിങ്ങൾ നാട്ടിലെ സൗദി എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്‌പോർട്ടിൽ വിസ ബാർകോഡ് എൻഡോഴ്‌സ് ചെയ്യിക്കുക. അതു ലഭിച്ചാൽ ഇമിഗ്രേഷൻ ഡിപ്പാർട്ടുമെന്റ് വിസ കൺഫേം ചെയ്യും. തുടർന്ന് സൗദിയിലേക്ക് പോരാം.
പാസ്‌പോർട്ട് നഷ്ടപ്പെട്ടുവെന്നുള്ള ഒരു റിപ്പോർട്ട് നാട്ടിലെ പോലീസ് സ്‌റ്റേഷനിൽനിന്ന് സംഘടിപ്പിച്ച് കൈയിൽ വെക്കുന്നതും നന്നായിരിക്കും. അതോടൊപ്പം നേരത്തെ വിസ സ്റ്റാമ്പ് ചെയ്തിരുന്ന നഷ്ടപ്പെട്ട പാസ്‌പോർട്ടിന്റെ ഒരു കോപ്പിയും കൈയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

റീ എൻട്രിയിലായിരിക്കെ കുട്ടി ജനിച്ചാൽ

ചോദ്യം: ഞാൻ റിയാദിൽ കൺസ്ട്രക്ഷൻ എൻജിനീയറായാണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ഞാനും ഭാര്യയും എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിലാണുള്ളത്. ഇതിനിടെ ഞങ്ങൾക്ക് ഒരു കുട്ടി ജനിച്ചു. കുട്ടിയുമായി തിരിച്ച് സൗദിയിൽ എത്താൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: നിങ്ങളുടെ നവജാത ശിശുവിന് ആദ്യം പാസ്‌പോർട്ട്  എടുക്കുക. അതിനു ശേഷം സൗദി എംബസിയിൽ കുട്ടിയുടെ എൻട്രി വിസക്ക് അപേക്ഷിക്കുക. അതു ലഭിച്ചാൽ സൗദിയിലേക്ക് യാത്ര ചെയ്യാം. ഇവിടെ എത്തിയശേഷം കുട്ടിക്ക് മാസം 400 റിയാൽ തോതിൽ ലെവി അടക്കണം. നിങ്ങളുടെ ഇഖാമക്ക് അവശേഷിക്കുന്ന കാലാവധി എത്രയാണോ അത്രയും മാസത്തെ ലെവിയാണ് അടക്കേണ്ടത്. അതായത് ആറു മാസത്തെ കാലാവധി ആണ് ഇനി ഇഖാമക്കുള്ളതെങ്കിൽ 2400 റിയാൽ ലെവി അടക്കണം. അതിനു ശേഷം നിങ്ങളുടെ കുട്ടിക്ക് ഇഖാമ ലഭിക്കാൻ അപേക്ഷ നൽകാം. തുടർന്ന് ഇഖാമ ലഭിക്കുകയും ചെയ്യും.
 

Latest News