മലപ്പുറം- രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ആത്മവിശ്വാസമാണ് രാഹുലിന്റെ അയോഗ്യത സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിലൂടെ വ്യക്തമാകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരുടെയും ആത്മവിശ്വാസം ഉയർത്തുന്നതാണ് വിധി. മതേതര പോരാട്ടത്തെ നയിക്കാൻ ആളുണ്ട് എന്ന ധൈര്യവും ഇതോടെ ജനങ്ങൾക്ക് ലഭിച്ചു. പാർലമെന്റിലും പുറത്തും വർധിച്ച വീര്യത്തോടെ രാഹുൽ ഗാന്ധിയുടെ പോരാട്ടം തുടരും.
കയ്യിൽ ഒന്നുമില്ലാത്തതിനാൽ വർഗീയതയെ കൂട്ടുപിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മണിപ്പൂരിന് ശേഷം ഹരിയാനയിലേക്കും വർഗീയ നീക്കം നടത്തുകയാണ് ബി.ജെ.പി. ഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികളുടെ യോജിച്ചുള്ള പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.