കൊച്ചി - ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ സമഗ്ര പദ്ധതിക്കു രൂപ നല്‍കുകയോ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയില്‍ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് ഹൈക്കോടതി. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇരകളായ കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തില്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. ആലപ്പുഴ പോക്‌സോ കോടതിയുടെ ഉത്തരവിനെ ആധാരമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലൈംഗിക അതിക്രമത്തിന് ഇരയായ രണ്ട് കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ പോക്‌സോ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കി. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജി തള്ളിയ കോടതി ഉത്തരവില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. പുതിയ പദ്ധതി രൂപീകരിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുന്നത് വരെ പോക്‌സോ കേസിലെ ഇരകള്‍ക്ക് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.