റിയാദ് - റിയാദിലെ റോഡുകളിലും തെരുവുകളിലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന 8,105 വാഹനങ്ങൾ ആറു മാസത്തിനിടെ നഗരസഭ നീക്കം ചെയ്തു. നഗരത്തിലെ റോഡുകളിൽ 18,000 ഓളം വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് വലിയ മുൻഗണനയാണ് നഗരസഭ നൽകുന്നത്. നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശാഖാ ബലദിയകൾ ഇത്തരം വാഹനങ്ങളിൽ നോട്ടീസ് പതിക്കുന്നുണ്ട്. ഇതിനു ശേഷം നിശ്ചിത സമയത്തിനകം ഉടമകൾ നീക്കം ചെയ്യാത്ത വാഹനങ്ങൾ നഗരസഭ നീക്കം ചെയ്ത് കസ്റ്റഡയിൽ സൂക്ഷിക്കുകയും ഉടമകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് നഗരവാസികൾ അറിയിക്കണം. ഇത്തരം പരാതികൾ പരിശോധിച്ച് എത്രയും വേഗം തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഫീൽഡ് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ വ്യക്തമാക്കി.