Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷംസീറിന്റെ പേരാണ് പ്രശ്‌നം; വെറുതെയല്ല, കേരള ബി.ജെ.പി ഉപ്പുവെച്ച കലം പോലെയായതെന്ന് പി.കെ അബ്ദുറബ്ബ്

- മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമെതിരെ മുസ്‌ലിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്

മലപ്പുറം - സ്പീക്കർ എ.എൻ ഷംസീറിന്റെ പരാമർശങ്ങളിൽ പിടിച്ചുള്ള വിവാദത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശവുമായി മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ് രംഗത്ത്.
 സ്പീക്കർ നടത്തിയ പരാമർശങ്ങളിലേക്ക് മുസ്‌ലിംകളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് ചോദിച്ച പി.കെ അബ്ദു റബ്ബ്, ഷംസീർ എന്ന മുസ്‌ലിം നാമമാണവർക്ക് പ്രശ്‌നമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. ഷംസീർ വിശ്വസിക്കുന്ന മാർക്‌സിയൻ ദർശനങ്ങളെ വിമർശിക്കുന്നതിന് പകരം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വലിച്ചിഴച്ച് സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത് എന്തിനാണെന്നും ചോദിച്ചു. അല്ലാഹു എന്നത് ഒരു മിത്താണെന്ന് ഷംസീർ പറയുമോ എന്ന ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ ചോദ്യത്തെയും അബ്ദുറബ്ബ് വെറുതെ വിട്ടില്ല. 'അല്ലാഹുവിൽ തന്നെ വിശ്വസിക്കാത്ത നൂറുകണക്കിന് ഷംസീറുമാരും എക്‌സ് മുസ്‌ലിംകളുമുള്ള നാട്ടിലിരുന്നാണ് സുരേന്ദ്രന്റെ ചോദ്യം. വെറുതെയല്ല, കേരള ബി.ജെ.പി ഉപ്പുവെച്ച കലം പോലെയായതെന്നും' അബ്ദുറബ്ബ് കളിയാക്കി.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 
വർഷങ്ങൾക്കു മുമ്പ് പറവൂരിൽ വിസ്ഡം ഇസ്ലാമിക് മിഷന്റെ പ്രബോധക സംഘത്തിനു നേരെ സംഘപരിവാർ അക്രമമുണ്ടായപ്പോൾ വിസ്ഡം പ്രവർത്തകരുടെ ലഘുലേഖകൾ വായിച്ച് 'ആരും സംഘപരിവാറിന് വഴിമരുന്നിട്ടു കൊടുക്കരുത്' എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അബ്ദുള്ളക്കുട്ടി മുതൽ അനിൽ ആന്റണി വരെ ചെന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിൽ ഒരടി പോലും മുന്നോട്ട് പോകാൻ കഴിയാത്ത BJPക്ക് കേരളത്തിലിപ്പോൾ വഴിമരുന്നിട്ട് കൊടുക്കുന്നവര് ആരാണ്...? 
മാർക്‌സിയൻ ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരാളാണ് സ്പീക്കർ ഷംസീർ, ഷംസീർ നടത്തിയ പരാമർശങ്ങളിലേക്ക് മുസ്ലിംകളെ എന്തിനാണ് വലിച്ചിഴക്കുന്നത്. വിവാദങ്ങളെ വഴി തിരിച്ചു വിട്ട് സമൂഹത്തിൽ സ്പര്ധയുണ്ടാക്കാൻ സംഘപരിവാർ മാത്രമല്ല, ഭരണകക്ഷി എം.എൽ.എ വരെ ശ്രമങ്ങൾ നടത്തുന്നു. ഷംസീർ എന്ന മുസ്ലിം നാമമാണവർക്ക് പ്രശ്‌നം. ഷംസീറിന്റെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി ഷംസീർ വിശ്വസിക്കുന്ന മാർക്‌സിയൻ ദർശനങ്ങളെയാണ് വിമർശിക്കേണ്ടത്.. പകരം ഇസ്ലാമിനെയും മുസ്ലിംകളെയും ഇതിലേക്ക് വലിച്ചിഴച്ച് സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നത് എന്തിനാണ്..?
ഇസ്ലാമിനെ കാടടച്ച് വിമർശിക്കുകയും, ദൈവത്തെ പാടെ നിഷേധിക്കുകയും ചെയ്യുന്ന സി.രവിചന്ദ്രനെപ്പോലുള്ള യുക്തിവാദി നേതാക്കളുണ്ട്. ഹൈന്ദവ നാമമുള്ള സി. രവിചന്ദ്രൻ അല്ലാഹുവിനെ നിഷേധിക്കുന്നതിനും, ഇസ്ലാമിനെ വിമർശിക്കുന്നതിനും മറുപടിയായി ഏതെങ്കിലും മുസ്ലിം നേതാക്കളോ, പണ്ഡിതന്മാരോ സി. രവിചന്ദ്രൻ എന്ന പേരു മാത്രം നോക്കി ഹിന്ദുമതവിശ്വാസത്തെ ആരെങ്കിലും വിമർശിക്കാറുണ്ടോ,
അതും പറഞ്ഞ് ഏതെങ്കിലും മുസ്ലിം നേതാക്കൾ സ്പർധയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്താറുണ്ടോ..? ശാസ്ത്രബോധം വളർത്താൻ പോണപോക്കിൽ മതവിശ്വാസങ്ങളെ വെറുതെ തോണ്ടാൻ പോയ ഷംസീർ മുഖ്യമന്ത്രിയുടെ ഭാഷയിൽ ശരിക്കും വഴിമരുന്നിട്ട് കൊടുക്കുകയല്ലെ ചെയ്തത്.

ശിഷ്ടം:
'അല്ലാഹു എന്നത് ഒരു മിത്താണെന്ന്' ഷംസീർ പറയുമോ എന്നാണ് ബി.ജെ.പി പ്രസിഡന്റ് കെ സുരേന്ദ്രന്റെ ചോദ്യം. 
അല്ലാഹുവിൽതന്നെ വിശ്വസിക്കാത്ത നൂറുകണക്കിന് ഷംസീറുമാരും എക്‌സ് മുസ്‌ലിംകളുമുള്ള നാട്ടിലിരുന്നാണ് സുരേന്ദ്രന്റെ ഈ ചോദ്യം. സുരേന്ദ്രാ, വെറുതെയല്ല, കേരള BJP ഉപ്പുവെച്ച കലം പോലെയായത്.
 

Latest News