കൊച്ചി- തൃക്കാക്കരയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന വിമല ഭവനിലും ജ്യോതിസ് ഹോസ്റ്റലിലും മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ജനല്‍ ചില്ലുകളും സിസിടിവി ക്യാമറകളും ടെറസിലെ സീലിങ്ങുകളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തില്‍ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി വേലമടം വീട്ടില്‍ അര്‍ജുന്‍ (26) അറസ്റ്റില്‍.
സിഎംസി സഭയുടെ കീഴില്‍ കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്‌സ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വിമലാഭവനിലും ജ്യോതി ഹോസ്റ്റലും ആണ് പ്രതി അതിക്രമിച്ചു കയറി മോഷണ ശ്രമം നടത്തിയത്. തൃക്കാക്കര പോലീസ് വിരലടയാള വിദഗ്ധരുടെയും പോലീസ് സൈബര്‍ വിദഗ്ധരുടെയും സാഹയത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തിലുളള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തൃക്കാക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാബു ആര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ പി. പി, റഫീഖ് എന്‍. ഐ, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സിനോജ്, മാര്‍ട്ടിന്‍ ആന്റണി, നിതിന്‍ കെ. ജോണ്‍ എന്നിവരടങ്ങിയ പോലിസ് സംഘമാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.