തൃശൂര്‍ - കേരളത്തിലെ ചെറുതും, വലുതുമായ ക്ഷേത്രങ്ങളിലെ സഖാക്കളുടെ നേതൃത്വത്തിലുള്ള മുഴുവന്‍ അമ്പലക്കമ്മിറ്റികളും പിരിച്ചുവിടണമെന്ന നിര്‍ദേശം നല്‍കാന്‍ സി.പി.എം നേതാവ് എം.വി. ഗോവിന്ദന്‍ ആര്‍ജവം കാട്ടണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗണപതി ഭഗവാനെ അംഗീകരിക്കാത്ത സഖാക്കള്‍ അമ്പലക്കമ്മിറ്റികളില്‍ എന്തിനാണെന്ന് അവര്‍ ചോദിച്ചു. ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്നവര്‍ ക്ഷേത്രഭരണത്തില്‍നിന്ന് പിന്‍മാറണം. എല്ലാ ക്ഷേത്രങ്ങളിലും പൂജ തുടങ്ങുന്നത് ഗണപതിഹോമത്തിന് ശേഷമാണ്.
ഗണപതി നിന്ദ ഷംസീറിന് പറ്റിയ അബദ്ധമല്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയുണ്ടിതിന് പിന്നില്‍. ശബരിമലയിലേക്ക് ഒരു കൂട്ടം സ്ത്രീകളെ മലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരന്‍ ഷംസീറായിരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ ഷംസീറും ഗോവിന്ദന്‍ മാഷും പങ്കെടുത്തിരുന്നു. ഗോവിന്ദന്‍ മാഷും ഷംസീറും ഒരുമിച്ച് ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു അത്.
മതനിന്ദ നടത്താന്‍ സ്പീക്കര്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ശോഭ ചോദിച്ചു. മതേതരസമൂഹത്തില്‍ എല്ലാവര്‍ക്കും അവരുടേതായ മതിവിശ്വാസം ഉണ്ട്. മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഷംസീര്‍ സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും അവര്‍ ആരോപിച്ചു.