പാലക്കാട്- ദേശീയപാതയിൽ കാർ തടഞ്ഞ് നാലരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ടിപ്പർ ലോറിയുടമ കോടതിയിൽ കീഴടങ്ങി. പണവുമായി എത്തിയ കാർ തടയാൻ ഉപയോഗിച്ച ടിപ്പറിന്റെ ഉടമ കോങ്ങാട് ചെറായ ചിങ്ങത്ത് വീട്ടിൽ സന്തോഷ്(35) ആണ് ഇന്നലെ പാലക്കാട് ജെ.എഫ്.സി എം.2 കോടതിയിൽ ഹാജരായി കീഴടങ്ങിയത്. കോടതി ഇയാളെ അന്വേഷണത്തിനായി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്തു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചിരുന്നത്. ഇയാളിൽ നിന്ന് രണ്ട് ലക്ഷം രൂപ കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത തൃശൂർ ഈസ്റ്റ് കോടാലി സ്വദേശി വിജിൽ(35), പാലക്കാട് കോങ്ങാട് സ്വദേശി അസീസ്(34), കൊളപ്പാടം മണിക്കാശ്ശേരി സ്വദേശി വിനോദ്(45) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പതിനഞ്ചംഗ സംഘമാണ് മലപ്പുറം സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പണം കവർന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട്- കോയമ്പത്തൂർ ദേശീയപാതയിൽ പുതുശ്ശേരി കുരുടിക്കാട്ട് വെച്ചാണ് ബാംഗ്ലൂരിൽ നിന്ന് പണവുമായി വരികയായിരുന്ന മൂന്നംഗ സംഘം ആക്രമിക്കപ്പെട്ടത്. ടിപ്പർ ലോറിയിലും നാലു കാറുകളിലുമായി എത്തിയ അക്രമികൾ കാർ തടഞ്ഞു നിർത്തി മലപ്പുറം സ്വദേശികളായ ആസിഫ്(40), മുഹമ്മദ് ഷാഫി(38), ഇബ്‌നു വഫ(24) എന്നിവരെ കീഴ്‌പ്പെടുത്തി. യുവാക്കളെ ബന്ദികളാക്കി തൃശൂരിലേക്ക് പോയ അക്രമികൾ മൂന്നു പേരേയും മർദ്ദിച്ച് അവശരാക്കി ഇരിങ്ങാലക്കുടക്കടുത്ത് മാപ്രാണത്ത് ഇറക്കി വിടുകയായിരുന്നു. അവർ തിരിച്ച് പാലക്കാട്ടെത്തി പരാതി നൽകിയപ്പോഴാണ് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. അസീസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചായിരുന്നു പിന്നീടുണ്ടായ അറസ്റ്റുകളെല്ലാം. ഇതിനിടെ സന്തോഷ് ഒളിവിൽ പോയി. ടിപ്പർ ലോറിയും അക്രമികൾ ഉപയോഗിച്ച ഒരു കാറും പോലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു.