കണ്ണൂർ - ഓൺലൈനിൽ മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷണം. കണ്ണൂർ കേളകം സ്വദേശി ജോസ്മിയ്ക്കാണി ദുരനുഭവം.
കഴിഞ്ഞ മാസമാണ് ജോസ്മി 7,299 രൂപ വിലയുള്ള മൊബൈൽ ഫോൺ ഓൺലൈനിൽ ഓർഡർ ചെയ്തത്. ഡെലിവറി ബോയി വഴി ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോൾ ഫോണിന് പകരം അതേ വലിപ്പത്തിലുള്ള മരക്കഷണമായിരുന്നു. തുടർന്ന് ഉടനെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്കിയെങ്കിലും ഫോൺ ഇതുവരെയും ലഭിച്ചില്ല.
കസ്റ്റമർ കെയറിലും കൊറിയർ സർവീസിലുമെല്ലാം വിളിച്ച് പരാതി അറിയിച്ചെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്ന് ഉപയോക്താവ് പറഞ്ഞു. എന്നാൽ, ഓർഡർ കൈപ്പറ്റിയതിനാൽ പണം തിരികെ നല്കില്ലെന്നാണ് ഓൺലൈൻ സൈറ്റിന്റെ കസ്റ്റമർ കെയറിൽനിന്നുള്ള മറുപടി. എന്നാൽ പണമോ ഓർഡർ ചെയ്ത മൊബൈൽ ഫോണോ നൽകുന്നത് സംബന്ധിച്ച് കമ്പനി അധികൃതരിൽനിന്നും കൃത്യമായ മറുപടി ഇല്ലാതെ വന്നതോടെ വഞ്ചിക്കപ്പെട്ട ഉപയോക്താവ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്.