ജിദ്ദ - വ്യക്തിഗത സ്‌പോൺസർമാർക്കിടയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏറ്റവും ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് ഇന്തോനേഷ്യക്കാർക്ക്. ഇന്തോനേഷ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് 21,535 റിയാലാണ് നിരക്ക് നിർണയിച്ചിരിക്കുന്നത്. നിരക്കിൽ രണ്ടാം സ്ഥാനത്ത് ഫിലിപ്പിനോകളും മൂന്നാം സ്ഥാനത്ത് ശ്രീലങ്കക്കാരും നാലാം സ്ഥാനത്ത് ബംഗ്ലാദേശുകാരുമാണ്.
ഫിലിപ്പിനോ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് 19,270 റിയാലും ശ്രീലങ്കയിൽ നിന്നുള്ള തൊഴിലാളിയുടെ കഫാല കൈമാറ്റത്തിന് 18,336 റിയാലും ബംഗ്ലാദേശി തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് 16,188 റിയാലും കെനിയയിൽ നിന്നുള്ള തൊഴിലാളിയുടെ കൈമാറ്റത്തിന് 14,135 റിയാലും ഉഗാണ്ടയിൽ നിന്നുള്ള ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് 12,761 റിയാലും സിയറലിയോണിൽ നിന്നുള്ള തൊഴിലാളിയുടെ കൈമാറ്റത്തിന് 10,488 റിയാലും ബുറുണ്ടിയിൽ നിന്നുള്ള തൊഴിലാളിയുടെ കൈമാറ്റത്തിന് 10,457 റിയാലും എത്യോപ്യൻ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറ്റത്തിന് 10,023 റിയാലുമാണ് മന്ത്രാലയം നിർണയിച്ചിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വേലക്കാരുടെ സ്‌പോൺസർഷിപ്പ് കൈമാറ്റ നിരക്കുകൾ മന്ത്രാലയം പ്രത്യേകം നിർണയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ സൗദിയിലെ റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് ഈടാക്കാവുന്ന കൂടിയ നിരക്കുകൾ നേരത്തെ മന്ത്രാലയം നിർണയിച്ചിരുന്നു. ഇതിൽ കൂടുതൽ ഈടാക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
വ്യക്തിഗത സ്‌പോൺസർമാർക്കു കീഴിലെ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ സേവനം ഈ മാസം ഒന്നു മുതൽ ഓൺലൈൻവൽക്കരിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് വ്യവസ്ഥകൾക്കു വിധേയമായി വേലക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കുന്നത്. ഹുറൂബാക്കിയ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റാൻ കഴിയില്ല.