മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ കഴുകൽ ചടങ്ങിന് ഹറംകാര്യ വകുപ്പ് പ്ലാറ്റ്‌ഫോമുകൾ വഴി മൂന്നു കോടിയിലേറെ വ്യൂസ് ലഭിച്ചതായി ഹറംകാര്യ വകുപ്പ് കമ്മ്യൂണിക്കേഷൻസ്, മീഡിയകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സുൽത്താൻ അൽമസ്ഊദി അറിയിച്ചു. കഴുകൽ ചടങ്ങ് ലോകമെങ്ങുമുള്ള മുസ്‌ലിംകളിലെത്തിക്കാൻ കമ്മ്യൂണിക്കേഷൻസ്, മീഡിയകാര്യ വിഭാഗത്തിനു കീഴിലെ മീഡിയ ഡിപ്പാർട്ട്‌മെന്റ് പ്രയത്‌നിച്ചു. ഇതിനായി വാർത്താ എഡിറ്റിംഗ്, ഉള്ളടക്ക നിർമാണം, ഫോട്ടോഗ്രാഫി, വീഡിയോ, മോണ്ടേജ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഒരു ടീമിനെ നിയോഗിച്ചിരുന്നു.
കഴുകൽ ചടങ്ങുമായി ബന്ധപ്പെട്ട മുഴുവൻ വാർത്തകളും ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട വാർത്തകളും ഫോട്ടോകളും മാധ്യമ സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും കൈമാറി. ഹറംകാര്യ വകുപ്പിന്റെ ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ് ചാറ്റ്, ടിക് ടോക്ക് പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ച മുഴുവൻ ഉള്ളടക്കങ്ങൾക്കും ലോകമെങ്ങും നിന്നും ഉയർന്ന വ്യൂസും പ്രതികരണങ്ങളും ലഭിച്ചതായും സുൽത്താൻ അൽമസ്ഊദി പറഞ്ഞു.