ജിദ്ദ - ഹജ് തീർഥാടകരുടെ മടക്ക സർവീസുകൾ പൂർത്തിയാക്കിയതായി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. അവസാന ഹജ് മടക്ക സർവീസ് മദീനയിൽ നിന്ന് ഇന്തോനേഷ്യയിലേക്കാണ് നടത്തിയത്. ഈ വിമാനത്തിൽ 465 ഹാജിമാരുണ്ടായിരുന്നു. സൗദിയ ഗ്രൗണ്ട് ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ബാഅകദയുടെ നേതൃത്വത്തിൽ അവസാന ഹജ് സർവീസിലെ തീർഥാടകരെ ഉപഹാരങ്ങൾ വിതരണം ചെയ്ത് യാത്രയാക്കി. ഈ വർഷം ആറു ലക്ഷത്തിലേറെ ഹാജിമാർക്കാണ് പുണ്യഭൂമിയിലേക്കും തിരിച്ചും സൗദിയ യാത്രാ സൗകര്യം നൽകിയത്. ലോകത്തെ നൂറിലേറെ വിമാനത്താവളങ്ങളിൽ നിന്ന് സൗദിയ ഹജ് സർവീസുകൾ നടത്തി.