സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ ചികിത്സക്ക് അഞ്ച് ലക്ഷം; സർക്കാരിന് നന്ദി പറഞ്ഞ് കുടുംബം

കൊച്ചി- പ്രമുഖ സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജിന്റെ ചികിത്സാവശ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. മന്ത്രിസഭായോഗമാണ് ജോര്‍ജിന്റെ ചികിത്സാവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. 

ചികിത്സാസഹായം അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ജോര്‍ജിന്റെ കുടുംബം നന്ദിയറിയിച്ചു. ശാരീരികാവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായ സമയത്തെ സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമാണെന്ന് ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ് പറഞ്ഞു. ചികിത്സാസഹായം അതിവേഗം അനുവദിച്ചുകിട്ടാന്‍ താല്‍പ്പര്യപൂര്‍വം ഇടപെട്ട മന്ത്രി പി രാജീവിനും സെല്‍മ നന്ദി പറഞ്ഞു.

നാലുവര്‍ഷത്തിലേറെയായി സ്വകാര്യസ്ഥാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണത്തിലുള്ള ജോര്‍ജ്, രണ്ടുമാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലാണ്. എഴുപത്തേഴുകാരനായ അദ്ദേഹത്തെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഫക്കെട്ട് ഗുരുതരമായപ്പോഴാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. രണ്ടുമാസത്തെ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുത്തു. 

എഴുന്നേറ്റുനില്‍ക്കാനും മറ്റൊരാളുടെ സഹായത്തോടെ നടക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഓര്‍മയുമുണ്ട്. അടുത്തദിവസം കാക്കനാട്ടെ പരിചരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്ന് സെല്‍മ ജോര്‍ജ് പറഞ്ഞു. മകന്‍ അരുണ്‍കുമാറിനും കുടുംബത്തിനുമൊപ്പം സെല്‍മ ഇപ്പോള്‍ ഗോവയിലാണ്. മകള്‍ താര ദോഹയിലാണ്.

2010ല്‍ ദല്‍ഹിയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തോടെയാണ് കെ ജി ജോര്‍ജിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് നിരന്തരചികിത്സയിലാണ്.

 

Latest News