തൊടുപുഴ-വ്യാജ നമ്പരിലുള്ള സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ യുവാവിന്റെ യാത്ര. എ. ഐ കാമറകളില്‍ പതിഞ്ഞ നിയമലംഘനത്തിന് പിഴ ഒടുക്കാന്‍ യഥാര്‍ഥ നമ്പരിലുള്ള സ്‌കൂട്ടര്‍ ഉടമക്ക് നോട്ടീസ്. പരാതിയുമായി യഥാര്‍ഥ ഉടമ തൊടുപുഴ പോലീസിനെ സമീപിച്ചു. തിരച്ചില്‍ നടത്തിയ പോലീസ് വ്യാജനെ പൊക്കി.
ഇടവെട്ടി വലിയജാരം തൈപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷാഹിനെ(25)യാണ് പോലീസ് പിടികൂടിയത്. കെ. എല്‍ 38 ജി 9722 എന്ന നമ്പര്‍ പ്ലേറ്റാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഈ നമ്പര്‍ മൂവാറ്റുപുഴ കടുക്കാസിറ്റി സ്വദേശി ചിലമ്പിക്കുന്നേല്‍ മോളിയുടെ സ്‌കൂട്ടറിന്റേതാണ്.
ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ എ. ഐ കാമറകളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന് ആറ് പിഴ നോട്ടീസാണ് മോളിക്ക് ലഭിച്ചത്. എന്നാല്‍ ഈ സ്ഥലങ്ങളിലൊന്നും മോളി പോയിട്ടില്ല. മോളിയുടെ സ്‌കൂട്ടറിന്റെ അതേ നിറത്തിലുള്ള വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് യാത്ര ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് നോട്ടീസിനൊപ്പമുള്ളത്. ഇതോടെ ഇവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഇടവെട്ടി ഭാഗത്തുനിന്നും എസ് .ഐ ടി. ജി ഷംസുദ്ദീനാണ് സ്‌കൂട്ടറും ഉടമയായ യുവാവിനെയും കണ്ടെത്തിയത്. ബുധനാഴ്ച വാഹനത്തിന്റെ എന്‍ജിന്‍ നമ്പരും ചേസിസ് നമ്പരും ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടര്‍ ഉടുമ്പന്നൂര്‍ സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി.
പിക്കപ്പ് ഡ്രൈവറായ ഷാഹിന്‍ മറ്റൊരാളില്‍ നിന്നും സ്‌കൂട്ടര്‍ വിലക്ക് വാങ്ങിയതാണെന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. മോളിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഷാഹിനെ കോടതിയില്‍ ഹാജരാക്കി.