ഇടുക്കി- തോട്ടം മേഖലയിലേക്ക് കടന്ന പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പന്‍ മൂന്നു ദിവസമായി മറയൂരിനടുത്ത് തലയാര്‍ തോട്ടത്തില്‍. വുഡ്ബ്രയാര്‍ ഗ്രുപ്പിന്റെ കടുകുമുടി തേയിലത്തോട്ട മേഖലയിലാണ് ആന തമ്പടിച്ചിരിക്കുന്നത്. പാമ്പന്‍മലയില്‍ വീട് പൊളിച്ച് അരി ചാക്ക് കൊണ്ടുപോയതും കഴിഞ്ഞ ആഴ്ച ലക്കം ന്യൂ ഡിവിഷനില്‍ തൊഴിലാളി ലയത്തിനുള്ളില്‍ ചുറ്റിക്കറങ്ങി പശുവിനായി ശേഖരിച്ചുവച്ചിരുന്ന തീറ്റ പുല്ലു തിന്ന് തീര്‍ത്തതും മറ്റും മൂലം തൊഴിലാളികള്‍ ഭീതിയോടെയാണ് കഴിച്ചുകൂട്ടുന്നത്. വീടുകള്‍ക്ക് സമീപവും തേയില തോട്ടത്തിലും മരങ്ങള്‍ക്ക് ഇടയിലും പടയപ്പയെ രാവും പകലും കണ്ടുവരുന്നു. രാത്രി ലയങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയോടെ തോട്ടം തൊഴിലാളികള്‍ ഉറക്കമില്ലാതെയാണ് കഴിഞ്ഞു വരുന്നത്.