Sorry, you need to enable JavaScript to visit this website.

ക്ലാസ്സില്‍പോകാന്‍ മടി, തട്ടിക്കൊണ്ടുപോയെന്ന് കഥ മെനഞ്ഞ് പത്താം ക്ലാസ്സുകാരി നാട്ടുകാരെ വട്ടംകറക്കി

കണ്ണൂര്‍ - ഒമ്‌നി വാനിലെത്തിയ നാലംഗസംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പത്താം ക്ലാസുകാരിയുടെ പരാതി നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി.
മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ മെനഞ്ഞ കഥയാണിതെന്ന് അറിഞ്ഞതോടെയാണ് ഒരു നാടിന്റെ ആശങ്ക ഒന്നാകെ അയഞ്ഞത്.
ഇന്ന് രാവിലെയാണ് 8.45 ഓടെ കക്കാട് കുഞ്ഞിപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ വഴിയില്‍ കറുത്ത ഒമ്‌നി വാനിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാണ് പതിനഞ്ചുകാരി പരാതിപ്പെട്ടത്. കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന റോഡില്‍ വച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. കുതറി മാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. ഇതോടെ പരിഭ്രാന്തരായ നാട്ടുകാരും പോലീസും പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
എന്നാല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞ റോഡിലേക്ക് ഈ സമയത്ത് ഒരു ഒമ്‌നി വാന്‍ പോലും കടന്നു പോയതായി കണ്ടില്ല. കുഞ്ഞിപ്പള്ളിയിലെ യൂണിറ്റി സെന്ററിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ ഈ കാര്യം വ്യക്തമായെന്ന് എ.സി.പി ടി.കെ രത്‌നകുമാര്‍ പറഞ്ഞു. രാവിലെ എട്ടു മുതല്‍ 11.30 വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പെണ്‍കുട്ടി പറഞ്ഞ സമയത്ത് കുഞ്ഞിപ്പള്ളിയില്‍കൂടി ഒരു ഒമ്‌നി വാന്‍ മാത്രമാണ് കടന്ന് പോയത്.  ആ വാഹനമാകട്ടെ പെണ്‍കുട്ടി പറഞ്ഞ പള്ളിക്കുന്നിലേക്ക് പോകുന്ന റോഡിലേക്ക് കയറാതെ നേരെ പോവുകയായിരുന്നു. ഇത് തൊട്ടടുത്തുളള സ്‌കൂളിലെ വാഹനമാണെന്ന് പിന്നീട് വ്യക്തമായി. ഈ വാഹനത്തിന്റെ നിറം പെണ്‍കുട്ടി പറഞ്ഞതുപോലെ കറുപ്പായിരുന്നില്ല. ഈ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു.
അന്വേഷണം ഇത്രയും എത്തിയപ്പോഴാണ് പോലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. അപ്പോഴാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് താന്‍ വെറുതെ പറഞ്ഞതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. എ.സി.പി ടി.കെ രത്‌നകുമാര്‍, സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ്, ടൗണ്‍ പൊലീസ് എസ്.ഐ സി.എച്ച് നസീബ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം ഇല്ലാത്ത അക്രമികള്‍ക്കായി പൊലീസ് വട്ടംകറങ്ങിയത്.

 

Latest News