മലപ്പുറം- മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്ന യുവാവ് മരിച്ച സംഭവത്തിൽ താനൂർ എസ്.ഐ അടക്കം എട്ട് പോലീസുകാരെ തൃശൂർ ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തു.യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി. താനൂർ എസ്.ഐ ആർ.ഡി.കൃഷ്ണലാൽ, പോലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, സ്‌പെഷൽ ടീമംഗങ്ങളായ കൽപ്പകഞ്ചേരി സ്‌റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി സ്‌റ്റേഷനിലെ ആൽബിൻ അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് നടപടി.നിഷ്പക്ഷ അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസുകാരെ സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അന്വേഷണത്തിൽ ഇതുവരെ നടപടിക്രമങ്ങളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. അതേസമയം, പോലീസ് കസ്റ്റഡിയിലായിരിക്കെ മരിച്ച മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിന് മർദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. താനൂർ പോലീസ് സ്‌റ്റേഷനിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിൻ ഇരുപത് ഇടങ്ങളിൽ മർദ്ദമേറ്റതായി പറയുന്നത്. നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. മുതുകിൽ അഞ്ചും കാലിന്റെ പിൻഭാഗത്ത് മൂന്നും പാടുകളുണ്ട്. ആമാശയത്തിൽ നിന്ന് രണ്ട് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തി. ഇതിൽ ഒരുകവർ പൊട്ടിയിട്ടുണ്ട്. പൊട്ടാത്ത കവറിൽ മഞ്ഞനിറത്തിലുള്ള ദ്രാവകം കണ്ടെത്തി. ഇത് രാസപരിശോധനക്ക് അയച്ചു. ലഹരി വസ്തുവാണെന്നാണ് സംശയം.പോലീസിനെ കണ്ടപ്പോൾ കവറുകൾ വിഴുങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ ആന്തരികാവയവങ്ങളുടേതടക്കം രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണം സ്‌റ്റേറ്റ് െ്രെകംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി റജി എം.കുന്നിപ്പറമ്പനാണ് കേസിന്റെ അന്വേഷണച്ചുമതല. കോഴിക്കോട് െ്രെകംബ്രാഞ്ച് എസ്.പി കുഞ്ഞിമൊയ്തീൻകുട്ടി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
മരിച്ച യുവാവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നാല് മണിക്കൂറെടുത്താണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് താനൂർ പോലീസിന്റെ റിപ്പോർട്ട്. താനൂർ ദേവധാർ പാലത്തിന് താഴെ കാറിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ.ഡി.കൃഷ്ണലാലിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് എം.ഡി.എം.എയുമായി താമിർ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. താമിർ നേരത്തേ മയക്കുമരുന്നടക്കം മൂന്ന് കേസുകളിൽക്കൂടി ഉൾപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.താമിറിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.