Sorry, you need to enable JavaScript to visit this website.

മുഈനലി ശിഹാബ് തങ്ങൾക്ക് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം; സി.പി.എമ്മിനുള്ളിൽ എതിർപ്പ്

മലപ്പുറം-വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ പരിഗണിക്കാനുള്ള നീക്കം സി.പി.എമ്മിനകത്ത് പ്രതിഷേധമുണ്ടാക്കുന്നു. ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി എത്തുംമുമ്പേ ടി.കെ ഹംസ രാജിവെച്ചതോടെയാണ് ചെയർമാൻ സ്ഥാനത്ത് ഒഴിവുവന്നത്. മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള അസ്വാരസ്യം മുതലെടുക്കുന്നതിന് വേണ്ടി പാണക്കാട് മുഈനലി തങ്ങളെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയുണ്ടായിരുന്നു. നേരത്തെ മുസ്ലിം ലീഗിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു എം.എൽ.എ വഴിയാണ് ഈ നീക്കം നടന്നത്. ഈ എം.എൽ.എക്ക് മുഈനലി തങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. മുഈനലിയെ ചെയർമാൻ ആക്കുന്നതിലൂടെ സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. പാണക്കാട് കുടുംബവുമായി വിയോജിപ്പുള്ള സമസ്തയിലെ ഒരു വിഭാഗം മുഈനലി തങ്ങളെയാണ് മുഴുവൻ പരിപാടികൾക്കും വിളിക്കാറുള്ളത്. വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം നൽകുന്നതോടെ ഈ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരത്തിലുള്ള നീക്കം നടത്തിയത്. എന്നാൽ ഇതിനെതിരെ സി.പി.എമ്മിനകത്തുനിന്ന് തന്നെ കനത്ത എതിർപ്പുയർന്നു. 
ഇതോടെ പി.എസ്.സി മുൻ ചെയർമാനും പൊന്നാനി സ്വദേശിയുമായ അഡ്വ.എം.കെ സക്കീറിനെ പരിഗണിക്കാനാണ് സി.പി.എം നീക്കം. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനും നിലവിലുള്ള പ്രതിസന്ധികൾ വേഗത്തിൽ പരിഹരിക്കുന്നതിനും കഴിവുള്ളയാളെ നിയമിക്കണമെന്നാണ് മന്ത്രിയുടെയും ബോർഡിലെ മറ്റ് അംഗങ്ങളുടെയും ആവശ്യം.പി.എസ്.സി ചെയർമാൻ പദവിയിൽ മികച്ച പ്രവർത്തനം നടത്തിയ അഡ്വ.സക്കീറിന്റെ പേര് മുന്നോട്ടു വന്നത് ഈ പാശ്ചാത്തലത്തിലാണ്. 

അതൃപ്തിക്ക് കാരണം മന്ത്രി വിളിച്ച യോഗങ്ങളിൽ ടി.കെ ഹംസ പങ്കെടുക്കാതിരുന്നത് 

വഖഫ് ബോർഡിലെ പ്രതിസന്ധിക്ക് കാരണം വകുപ്പുമന്ത്രി വി.അബ്ദുറഹ്‌മാനും ബോർഡ് ചെയർമാനായിരുന്ന ടി.കെ.ഹംസയും തമ്മിലുള്ള അസ്വാരസ്യമാണെന്ന വാദം ബലപ്പെടുന്നു. മന്ത്രി വിളിച്ച നിരവധി യോഗങ്ങളിൽ ചെയർമാൻ പങ്കെടുക്കാതിരുന്നത് മന്ത്രിയെ അതൃപ്തനാക്കിയിരുന്നു. ആരോഗ്യ കാരണമാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ ടി.കെ. ഹംസ ചൂണ്ടിക്കാട്ടിയിരുന്നതെങ്കിലും മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും ഇതിന് കാരണമായിരുന്നെന്നാണ് കരുതുന്നത്.കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു യോഗങ്ങളാണ് മന്ത്രി വിളിച്ചത്. ഒരെണ്ണത്തിലും ചെയർമാൻ പങ്കെടുത്തിരുന്നില്ല. ചെയർമാൻ എത്താത്തതിനാൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കാനാകുന്നില്ലെന്ന പരാതി മന്ത്രിക്കുണ്ടായിരുന്നു. അതേസമയം,വഖഫ് ബോർഡിന്റെ സാധാരണ യോഗങ്ങളിൽ ചെയർമാൻ പങ്കെടുത്തിരുന്നു. മന്ത്രിയും ചെയർമാനും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായഭിന്നത നിലനിന്നിരുന്നെന്നും അഭ്യൂഹങ്ങളുണ്ട്. സി.പി.എമ്മിനുള്ളിൽ ഈ പ്രശ്‌നം ഏറെ നാളായി ചർച്ചയായിരുന്നു.
തന്റെ കീഴിലുള്ള വകുപ്പുകളിൽ ഏറ്റവും മോശമായി കാര്യങ്ങൾ നടക്കുന്നത് വഖഫ് വകുപ്പിലാണെന്ന് മന്ത്രിക്ക് പരാതിയുണ്ട്. ചെയർമാന്റെ അസാന്നിധ്യം മൂലം പല തീരുമാനങ്ങളെടുക്കുന്നതും നടപ്പിലാക്കുന്നതും വൈകുന്നതായാണ് പരാതി.അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുന്നതിന് മന്ത്രി പ്രത്യേക താൽപര്യമെടുത്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ മെല്ലെപ്പോക്കിലാണ്. ബോർഡിൽ സ്ഥിരം ജീവനക്കാർ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കുന്നതിനും മന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളിലെ കാലതാമസത്തിന് ഭരണസമിതിയുടെ അലംഭാവമാണ് കാരണമെന്നാണ് മന്ത്രിയുടെ പരാതി.അതേസമയം, മന്ത്രിയുടെ പ്രവർത്തനം ശൈലിയിൽ ഭരണസമിതിയിൽ ചെയർമാൻ ഉൾപ്പടെയുള്ളവർക്ക് കടുത്ത എതിർപ്പുകളുമുണ്ടായിരുന്നു.
കാര്യക്ഷമമായി ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിന് ബോർഡിന്റെ ഭരണസമിതിയിൽ മാറ്റം വരണമെന്ന കടുത്ത നിലപാടാണ് മന്ത്രി സ്വീകരിച്ചത്.ബോർഡിനുള്ളിൽ മാസങ്ങളായി പുകയുന്ന പ്രശ്‌നങ്ങൾ പുറം ലോകമറിഞ്ഞു തുടങ്ങിയതോടെയാണ് പാർട്ടിയുടെ അനുമതിയോടെ ചെയർമാൻ സ്ഥാനം ടി.കെ.ഹംസ രാജിവെച്ചത്.ഒന്നര വർഷം കൂടി കാലാവധി ബാക്കിയിരിക്കെയാണ് ടി.കെ.ഹംസ സ്ഥാനമൊഴിഞ്ഞത്.ഇതോടെ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Latest News