Sorry, you need to enable JavaScript to visit this website.

കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര ഹിറ്റ്;  മലപ്പുറത്ത് ഒന്നര കോടി വരുമാനം

മലപ്പുറം-സൂപ്പർ ഹിറ്റായി കെ.എസ്.ആർടി.സിയുടെ ടൂർ പാക്കേജുകൾ. മലപ്പുറം ജില്ലയിൽ നിന്നും ടൂർ പാക്കേജിലൂടെ രണ്ട് വർഷത്തിനിടെ ഒന്നര കോടി രൂപയുടെ വരുമാനമാണ് സ്വന്തമാക്കിയത്. 2021 ഒക്ടോബർ 31ന് മൂന്നാർ യാത്രയിലൂടെയാണ് വിനോദയാത്രക്ക് കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചത്. തുടങ്ങിയത് മുതൽ ഇതുവരെ മൂന്നാർ വിനോദയാത്ര മുടങ്ങിയിട്ടില്ല. വിനോദയാത്ര നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് ആശയം ലഭിച്ചതും മലപ്പുറത്ത് നിന്നായിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി ഇക്കാലയളവിൽ 502 യാത്രകളാണ് നടത്തിയത്.   മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള നോർത്ത് സോണിൽ വിനോദയാത്രയിലൂടെ ഇക്കാലയളവിൽ എട്ട് കോടിയുടെ വരുമാനമാണ് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളാണ് കൂടുതൽ യാത്ര നടത്തിയത്.
ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായ യാത്ര ചെയ്യാമെന്നതാണ് കെ.എസ്.ആർ.ടി.സിയുടെ  ആകർഷണം.  മലപ്പുറം ഡിപ്പോയിൽ നിന്നുമുള്ള മൂന്നാർ, മലക്കപ്പാറ യാത്രകൾ ഇതുവരെ മുടങ്ങിയിട്ടില്ല. മാമലക്കണ്ടം വഴിയാണ് മൂന്നാർ യാത്ര നടത്തുന്നതെന്നത് കൂടുതൽ പേരെ ആകർഷിക്കുന്നുണ്ട്. കാടിനെ അറിഞ്ഞുള്ള കൂടുതൽ യാത്രകളും മലപ്പുറത്ത് നിന്നും തുടക്കം കുറിച്ചിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്ക് ആരംഭിച്ച പുതിയ യാത്രയും സഞ്ചാരികൾക്കിടയിൽ ഹിറ്റാണ്. പറമ്പികുളം കടുവാ സങ്കേതത്തിലേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള യാത്രക്കും ഉടൻ തുടക്കം കുറിക്കും. കേരളത്തിലെ ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആവശ്യനുസരണം പാക്കേജുകളും കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്.

Latest News