Sorry, you need to enable JavaScript to visit this website.

ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ചു

പയ്യന്നൂർ-സഹകരണ സംഘം ജീവനക്കാരി സ്ഥാപനത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതകൾ നീക്കുന്നതിനായി ആത്മഹത്യാ കുറിപ്പ് കോടതി അനുമതിയോടെ ഫോറൻസിക് പരിശോധനക്കയച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റി ജീവനക്കാരി, കുന്നരു സ്വദേശിനി കടവത്ത് വളപ്പിൽ സീന (41) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.ഐ, പിസി.സഞ്ജയ് കുമാർ ആത്മഹത്യ കുറിപ്പ് ശാസ്ത്രീയ പരിശോധനക്കയച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരിൽ നിന്നും, സീനയുടെ കുടുംബാംഗങ്ങളിൽ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും. കത്തിൽ പരാമർശിക്കപ്പെട്ട ആളെയും ചോദ്യം ചെയ്യും. 
 ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമന്തളി കുന്നരു സ്വദേശിനിയും കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കൾച്ചറൽ വെൽഫെയർ സൊസൈറ്റി ജീവനക്കാരിയുമായ കടവത്ത് വളപ്പിൽ സീന ജോലിചെയ്യുന്ന സൊസൈറ്റി ഓഫീസിൽ ജീവനൊടുക്കിയത്. സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കുന്നതിനായി പോയ സീന ഏറെ കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണ ത്തിലാണ് സീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പരിയാരം പോലീസ്, കെട്ടിടത്തിലെ മുറിയിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന വ്യക്തിയിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കത്തിൽ പറഞ്ഞിരുന്നത്. മാത്രമല്ല, താൻ ഡിപ്രഷന് മരുന്നുകഴിച്ചു കൊണ്ടിരിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതു സംബന്ധിച്ച് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, കത്തിൽ പരാമർശി ക്കപ്പെടുന്ന വ്യക്തി ഒരുവർഷത്തോളമായി ബംഗളൂരുവിലാണ് താമസമെന്ന്  കണ്ടെത്തിയിരുന്നു. എങ്കിലും മരണവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യും. ആത്മഹത്യാ കുറിപ്പിലെ രാസപരിശോധനാഫലവും മറ്റു വിവരങ്ങളും ലഭിക്കുന്നതോടെ യുവതിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.


 

Latest News