2023 ആദ്യ ഏഴ് മാസത്തെ കണക്കെടുത്താൽ മലയാള സിനിമക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രം. ആകെ അഞ്ച് ഹിറ്റുകളാണുണ്ടായത്. കേരളത്തിൽ സ്‌ക്രീനുകളുടെ എണ്ണം കുറയുകയാണ്. പത്ത് വർഷം മുമ്പ് 1250 സ്‌ക്രീനുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 670 എണ്ണം മാത്രമേയുള്ളൂ. നല്ല തിരക്കഥയുമായെത്തിയാൽ സിനിമ വിജയിക്കുമെന്നതിനും ഉദാഹരണങ്ങളുണ്ട്
മലയാള സിനിമയുടെ സുവർണ കാലം പത്ത് മുപ്പത് കൊല്ലങ്ങൾക്കപ്പുറമായിരുന്നു. കേരളത്തിലെ പതിനാല് റിലീസിംഗ് കേന്ദ്രങ്ങൾ. ആഴ്ച തോറുമെത്തുന്ന പുതിയ പടങ്ങൾക്കായി യുവാക്കളുടെ കാത്തിരിപ്പ്. പതിനാല് ജില്ലകളല്ല, പതിനാല് റിലീസ് സ്റ്റേഷനുകൾ. തലസ്ഥാനത്തിനും എറണാകുളത്തിനും കോഴിക്കോടിനും പുറമെ നഗരങ്ങളായി മാറിയ വലിയ തിയേറ്ററുകളുള്ള ജില്ലാ തലസ്ഥാനങ്ങളും ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, പാലാ, ആലുവ, ചാലക്കുടി, നിലമ്പൂർ, പെരിന്തൽമണ്ണ, വടകര, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ പട്ടണങ്ങളിലെ സിനിമാ ശാലകളിലും പുതിയ സിനിമകൾ ആദ്യമെത്തും. അതു കഴിഞ്ഞ് ബി ക്ലാസ് തിയേറ്ററുകളിൽ പ്രദർശനമുണ്ടാവും. ഒരു വർഷത്തിനകം എല്ലാ ഗ്രാമങ്ങളിലെയും സി ക്ലാസ് തിയേറ്ററുകളിൽ വരെ കളിക്കും. തമിഴ് മെഗാ ഹിറ്റ് ചിത്രമായ ചിന്ന തമ്പി പ്രദർശിപ്പിക്കാത്ത ഒരു സ്ഥലവും കേരളത്തിലുണ്ടാവില്ല. അതൊക്കെ പഴയ കഥ. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമുണ്ടായിരുന്ന സിനിമാ ശാലകൾ അപ്രത്യക്ഷമായി. പട്ടണങ്ങളിലും മൂന്ന് മെട്രോകളിലും മൾട്ടിപ്ലക്‌സുകളാണ് സർവത്ര. മാളുകളോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളോടെ ആധുനിക മൾട്ടിപ്ലക്‌സുകൾ വരുന്നുമുണ്ട്. അന്ന് ഇരുപതോ മുപ്പതോ മുടക്കിയാൽ സിനിമ കാണാമായിരുന്നുവെങ്കിൽ ഇപ്പോൾ ചെലവ് അതിന്റെ പത്തിരട്ടിയായി ഉയർന്നു. മൾട്ടി പ്ലക്‌സിൽ ചെന്ന് നാലംഗ കുടുംബം സിനിമ കാണുമ്പോൾ ചെലവ് രണ്ടായിരം രൂപയിലേറെ വരുമെന്നതാണ് സത്യം. അവിടെ ഒരു കുപ്പി വെള്ളത്തിന് തന്നെ എൺപത് രൂപ കൊടുക്കണം. സൗകര്യങ്ങൾ വർധിച്ചുവെങ്കിലും മലയാള സിനിമ വ്യവസായത്തിന്റെ ഗ്രാഫ് പ്രതീക്ഷക്ക് വക നൽകുന്നതല്ലെന്നതാണ് യാഥാർഥ്യം.
കോഴിക്കോട് നഗരത്തിൽ തലയെടുപ്പോടെ നിലയുറപ്പിച്ചിരുന്ന പല തിയേറ്ററുകളും വിസ്മൃതിയിലായി. ഏറ്റവും ഒടുവിൽ മാഞ്ഞു പോയത് അപ്‌സര തിയേറ്ററാണ്. നഗരഹൃദയത്തിൽ ഒരു ഏക്കറിനടുത്ത് ഭൂമിയിലാണ് അപ്‌സര നിലയുറപ്പിച്ചിരുന്നത്. കോവിഡിന് ശേഷവും അറ്റകുറ്റപ്പണി നടത്തി മികച്ച ദൃശ്യാനുഭവം ഉറപ്പാക്കിയ പ്രദർശന ശാലയാണിത്. ഖുർബാനി മുതൽ ഹരികൃഷ്ണൻസ് വരെ പഴയ തലമുറ കണ്ടു രസിച്ചത് ഇവിടത്തെ സ്‌ക്രീനിലാണ്. അപ്‌സര തിരിച്ചുവരാനിടയുണ്ടെന്നും കേൾക്കുന്നു. നിരവധി ഹിറ്റുകൾ കാണികളിലെത്തിച്ച സംഗം കുറച്ചു കാലമായി അടച്ചിട്ടിരിക്കുകയാണ്. പാളയം സ്റ്റാൻഡിനടുത്ത് പ്രവർത്തിച്ചിരുന്ന ഡേവിസൺ കൈമാറ്റം നടന്ന ശേഷം ഭൂമി നിരപ്പാക്കി. മാവൂർ റോഡിൽ മൊഫ്യൂസിൽ സ്റ്റാന്റിനടുത്ത് പ്രവർത്തിച്ചിരുന്ന ബ്ലൂഡയമണ്ട് തിയേറ്ററും ഇപ്പോഴില്ല. ഇത് കോഴിക്കോട്ടെ മാത്രം കാര്യമല്ല. തിരുവനന്തപുരത്ത് തമ്പാനൂരിൽ ഓവർ ബ്രിഡ്ജിനടുത്തുണ്ടായിരുന്ന കൃപ തിയേറ്റർ ഇപ്പോഴില്ല. മലബാറിലെ ഏറ്റവും പഴയ സിനിമാശാലകളായ തലശ്ശേരിയിലെ മുകുന്ദും കണ്ണൂരിലെ പ്രഭാതും ഇപ്പോഴില്ല.
നിരവധി മൾട്ടിപ്ലക്‌സുകൾ വന്നെങ്കിലും കേരളത്തിൽ സ്‌ക്രീനുകളുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പത്ത് വർഷം മുമ്പ് 1250 സ്‌ക്രീനുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 670 എണ്ണം മാത്രമേയുള്ളൂ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് ഇവയിൽ ഭൂരിഭാഗവും കളം വിട്ടത്. കാണികൾ തിയേറ്ററുകളെ ഉപേക്ഷിക്കുന്ന പ്രതിഭാസം തുടർന്നാൽ കൂടുതൽ എണ്ണത്തിൽ തിരശ്ശീല വീഴുമെന്നുറപ്പ്.
മലയാള സിനിമയിൽ അത്യപൂർവമായി മാത്രമേ ഹിറ്റുകൾ പിറക്കുന്നുള്ളൂവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. 2023 ജനുവരിക്ക് ശേഷം മലവെള്ളപ്പാച്ചിൽ പോലെ വെള്ളിത്തിരയിലെത്തിയ പല സിനിമകളും പൊളിഞ്ഞു പാളീസാവുകയായിരുന്നു.
ജൂലൈ വരെയുള്ള റിലീസുകളിൽ ജിത്തു മാധവന്റെ രോമാഞ്ചം, ജൂഡ് ആന്റണി ജോസഫിന്റെ 2018, സുധി മാഡിസന്റെ നെയ്മർ, സ്റ്റെഫി സേവിയറിന്റെ മധുര മനോഹര മോഹം, അരുൺ ഡി ജോസിന്റെ 18പ്ലസ് എന്നിവ മാത്രമാണ് ഹിറ്റ്. പാച്ചുവും അത്ഭുത വിളക്കും, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ, തങ്കം, മദനോത്സവം എന്നിവയടക്കം ചില സിനിമകൾക്ക് മാത്രമാണ് അഞ്ച് കോടിക്ക് മുകളിൽ നേടാനായത്. വീണ്ടുമെത്തിയ സ്ഫടികം പണം വാരിയെന്നത് ശ്രദ്ധേയമാണ്. ഇരുപതിൽ താഴെ സിനിമകൾ മാത്രമാണ് തിയേറ്ററുകാർക്ക് മുതലായത്. റിലീസ് ദിവസം തന്നെ ഷോ അവസാനിച്ച സിനിമകൾ നിരവധിയാണ്. വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച അവസാനിക്കുന്നതാണ് മിക്ക സിനിമകളുടെയും തിയേറ്റർ ആയുസ്സ്.
2023 ആദ്യ ഏഴ് മാസത്തെ കണക്കെടുത്താൽ മലയാള സിനിമക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്ക് മാത്രമാണെന്ന് കാണാം. 129 സിനിമാ തിയേറ്ററിലെത്തി. 2022 ൽ തിയേറ്ററിലെത്തിയത് 176 സിനിമകളായിരുന്നു. ഈ വർഷം 200 കടക്കാനാണ് സാധ്യത. സിനിമകളുടെ റിലീസിൽ റെക്കോഡ് നേട്ടമുണ്ടാക്കുന്നതിനൊപ്പം ബോക്സോഫീസിലുണ്ടാകുന്നത് നഷ്ടത്തിന്റെ റെക്കോഡാണ്. മലയാള സിനിമകളുടെ തുടർപരാജയം മൂലം തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുമ്പോൾ ആശ്വാസമാകുന്നത് ഇതര ഭാഷാ സിനിമകളാണ്.
ആദ്യദിനം ഒരു കോടി രൂപ നേടിയ മലയാള സിനിമകൾ മൂന്നെണ്ണം മാത്രമാണ്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ, 2018. ഇതേ സ്ഥാനത്താണ് ഇതര ഭാഷാ സിനിമകൾ കോടികൾ വാരുന്നത്. നാല് കോടിയിലധികമാണ് വിജയ് ചിത്രം വാരിസ് ആദ്യദിനം നേടിയത്. പൊന്നിയിൻ സെൽവൻ മൂന്ന് കോടിക്ക് അടുത്തും ഷാരൂഖ് ചിത്രം പത്താൻ രണ്ട് കോടിയോളവും നേടി. തുനിവ്, ഓപൺഹൈമർ എന്നിവയുടെ ആദ്യദിന നേട്ടം ഒരു കോടിക്ക് മുകളിലാണ്. പല മലയാള സിനിമകളുടെ ആകെ കലക്ഷൻ ഒരു കോടിയിലെത്താൻ കഴിയാത്ത ഘട്ടത്തിലാണ് ഇതര ഭാഷാ സിനിമകളുടെ നേട്ടം. വിജയ്, സൂര്യ, അജിത്, രജനി പടങ്ങൾ തുടങ്ങി ഇതരഭാഷാ സിനിമകൾക്ക് മാത്രമാണ് ഫാൻസ് ഷോയും അതിരാവിലെ ഷോയുമെല്ലാം നടക്കുന്നത്.
മലയാളത്തിലും സിനിമ നിർമാണച്ചെലവ് കോടികളിലേക്ക് മാറിയിട്ടുണ്ട്. മറ്റു ബിസിനസുകൾ പോലെ ഇതും ലാഭം പ്രതീക്ഷിച്ചുള്ള ഏർപ്പാടാണ്. എന്നാൽ മുടക്കിയ പണം തിരികെ ലഭിക്കുമെന്ന ഗാരന്റി നൽകാനാവുന്ന താരങ്ങളുടെ എണ്ണം പരിമിതമാണ്. കാൽ നൂറ്റാണ്ട് മുമ്പും മലയാളി കണ്ട സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ തന്നെയാണ് ഇപ്പോഴും വരുമാനം ഉറപ്പിക്കാവുന്ന താരങ്ങളുടെ പട്ടികയിൽ മുന്നിൽ. ഏഴോ എട്ടോ നടന്മാരുടെ കാര്യത്തിലേ ഉറപ്പ് പറയാനാവൂ. അതുകൊണ്ടു തന്നെ നല്ല തിരക്കഥ ലഭിച്ചാലും സിനിമയെടുക്കാൻ മടിയാണ് നിർമാതാക്കൾക്ക്. മോഹൻലാലിനെ വെച്ച് പടമെടുത്താൽ 30 കോടി വരുമാനമുണ്ടാക്കാമെന്നതിനാൽ 15 കോടി അദ്ദേഹത്തിന് കൊടുത്താലും നഷ്ടമാവില്ലെന്നാണ് കണക്ക്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ സിനിമകളും 15 മുതൽ 25 കോടി വരെ വരുമാനം ഉറപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഇരുവർക്കും ഉയർന്ന ശമ്പളവും ലഭിക്കുന്നു. മമ്മൂട്ടി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിങ്ങനെ വരുമാനം ഉറപ്പിക്കാവുന്ന കുറച്ചു താരങ്ങളേയുള്ളൂ.
കോവിഡ് മഹാമാരിക്ക് മുമ്പ് സിനിമകൾ റിലീസ് ചെയ്യാനുള്ള മാർഗം തിയേറ്ററുകൾ മാത്രമായിരുന്നു. കോവിഡ് വന്നതോടെ സിനിമ റിലീസ് ചെയ്യാൻ പുതിയ സൗകര്യങ്ങളുണ്ടായി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി. പല രീതിയിൽ സിനിമ നിർമാണച്ചെലവ് തിരിച്ചുപിടിക്കാൻ ഇപ്പോൾ വഴിയുണ്ട്. ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ് എന്നിങ്ങനെ പലതും. തിയേറ്ററുകളിൽ റിലീസ് ചെയ്യാതെയും സിനിമയെടുക്കാമെന്ന ധാരണ പരന്നതോടെ പുതിയ നിക്ഷേപകർ പലരും ഈ രംഗത്തെത്തി. വായ്പ എടുത്ത പണം തിരിച്ചടയ്ക്കാനാവാതെ ക്ലേശിക്കുകയാണ് പുതിയ സംരംഭകരിൽ പലരും.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ മികച്ച തിരക്കഥകൾക്ക് കഴിയുമെന്ന് തെളിയിക്കുന്ന സിനിമകളുമുണ്ട്. അടുത്തിടെ പ്രദർശനത്തിനെത്തിയ മധുര മനോഹര മോഹം എന്ന സിനിമ വലിയ ബഹളമൊന്നുമുണ്ടാക്കാതെയാണ് എത്തിയത്. എന്നിട്ടും നല്ല വിജയം നേടാനായില്ലേ. കഥയും തിരക്കഥയുമാണ് പ്രധാനം. സിനിമ കാണാനെത്തുന്നവർക്ക് അൽപ നേരം ആനന്ദിക്കാനുള്ള വകയും വേണം. മെഗാ താരങ്ങളൊന്നുമില്ലാതെ ഈ ചിത്രം നേടിയ വിജയം കണ്ണു തുറപ്പിക്കുന്നതാണ്. കുഞ്ചാക്കോ ബോബന്റെ എന്നാ താൻ കേസ് കൊട് എന്ന സിനിമയും ബോക്‌സ് ഓഫീസിൽ മികച്ച നേട്ടമുണ്ടാക്കുന്നത് നമ്മൾ കണ്ടു. കാണികളെ കബളിപ്പിക്കാൻ ആരും ശ്രമിക്കരുത്, ക്ഷമ പരീക്ഷിക്കരുത്. കഷ്ടകാലത്തിന് ഹിറ്റ് ലിസ്റ്റിൽ പെട്ട രോമാഞ്ചം സിനിമയുടെ പോസ്റ്ററുകൾ മിസ് ലീഡ് ചെയ്യുന്നതായിരുന്നു.